നെയ്യാറ്റിന്‍കര ആത്മഹത്യ പുതിയ വഴിത്തിരിവിൽ; ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍; കാനറാ ബാങ്ക് ഓഫീസ് കെ എസ് യു അടിച്ചു തകർത്തു.

തിരു: നെയ്യാറ്റിന്‍കരയില്‍ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യക്കു പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.
ഇതിനിടെ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യുയൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
കനറാ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടിലില്‍ ബാങ്കിനു മുന്നില്‍ വലിയ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു.

error: Content is protected !!