മൂന്നു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവം : അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു

ആലുവയില്‍ മൂന്നു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാപിതാക്കളെ ഉടന്‍ കസ്റ്റഡിയിലെടുക്കും.പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!