ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും സൗദിയും

ന്യൂഡല്‍ഹി: ഇന്ത്യയും സൗദിയും ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ സഹകരിക്കാന്‍ തീരുമാനിച്ചു. ഭീകരതയ്‌ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വ്യക്തമാക്കി. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും.

അതേസമയം, പാകിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല. മാത്രമല്ല സൗദിഇന്ത്യ ബന്ധം രക്തത്തില്‍ അലിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. പ്രതിരോധ വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യസൗദി ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം ആവശ്യമാണെന്നും അവരെ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു. സൗദിക്കും ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!