പുൽവാമാ ആക്രമണത്തിൽ മോദിക്ക് പ്രതികരണം വൈകിയത് എന്തുകൊണ്ട് – കോൺഗ്രസ് …

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കി വീണ്ടും കോണ്‍ഗ്രസ്. പ്രചാരണ വീഡിയോ ചിത്രീകരണ ശേഷം മോദി ഉത്തരാഖണ്ഡിലെ ബിജെപി റാലിയില്‍ ഫോണിലൂടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തമ്മില്‍ ആശയവിനിമയത്തില്‍ വീഴ്ചയുണ്ടായോയെന്ന് വ്യക്തമാക്കണം. മോദിയുടേത് ഫോട്ടോ ഷൂട്ട് സര്‍ക്കാറെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പുല്‍വാമ ഭീകരാക്രമണമുണ്ടായ ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം മണിക്കൂറുകള്‍ വൈകിയത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ചോദ്യം. 3.10ന് ആക്രമണം ഉണ്ടായ ശേഷം 5.10ന് റായ്പൂരിലെ ബി.ജെ.പി റാലിയില്‍ പ്രവര്‍ത്തകരോട് ഫോണിലൂടെ സംസാരിച്ചപ്പോഴും ജവാന്മാരുടെ ജീവത്യാഗത്തെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുകയോ മൗനാചാരണത്തിന് നിര്‍ദേശിക്കുകയോ ചെയ്തില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

ബി.ജെ.പി റാലിയുടെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തമ്മില്‍ ആശയമിനിമയത്തില്‍ വീഴ്ചയുണ്ടായോയെന്ന് വ്യക്തമാക്കണം. വിവരം അറിഞ്ഞിരുന്നു എങ്കില്‍ പ്രധാനമന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. രാജ്യവും സൈനികരുടെ കുടുംബവും ദുഃഖിക്കുമ്പോള്‍ പ്രധാനമന്ത്രി ചിരിച്ചു കൊണ്ട് ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു എന്ന് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.

ആക്രമണ സമയത്ത് പ്രചാരണ വീഡിയോ ചിത്രീകരണത്തിലും ബോട്ട് യാത്രയിലും മുഴുകിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഇന്നലെ പുറത്തു വിട്ടിരുന്നു. പ്രധാനമന്ത്രിയെ ആക്രമണ വിവരങ്ങള്‍ അറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വൈകിയെന്ന മറുപടി റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ്‌വര്‍ക്ക് കവറേജുമാണ് കാരണമായി ഉന്നയിക്കുന്നത്.

error: Content is protected !!