നബാർഡ് നിർദ്ദേശം അസംബദ്ധം : തോമസ് ഐസക്…

കേരള ബാങ്ക് ഭരണസമിതിയില്‍  എല്ലാ സഹകരണ സംഘങ്ങള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന നബാര്‍ഡ് നിര്‍ദ്ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാത്ത സംഘങ്ങളെ കേരള ബാങ്കിന് കീഴില്‍ കൊണ്ടുവരുനാകില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. നബാര്‍ഡ് മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥകള്‍ അസംബന്ധമെന്ന് ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരള ബാങ്ക് രൂപീകരണത്തിനായി റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച 19 വ്യവസ്ഥകള്‍ക്കു പുറമെ നബാര്‍ഡ് മുന്നോട്ട് വച്ച മൂന്നു വ്യവസ്ഥകളാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമല്ല സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും ഭരണ സമിതിയില്‍ പങ്കാളിത്തം നല്‍കണമെന്നാണ് നബാര്‍ഡ് സംസ്ഥാന സര്‍ക്കാരിന് രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം.

പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഭൂരിഭാഗവും എല്‍ഡിഎഫ് നിയന്ത്രണത്തില്‍ ആണെങ്കിലും സഹകരണ സംഘങ്ങളുടെ എണ്ണമെടുത്താല്‍ യുഡിഎഫിനാണ് മേല്‍ക്കൈ. അതിനാല്‍  നബാര്‍ഡ് നിര്‍ദ്ദേശം നടപ്പായാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് യുഡിഎഫ് നിയന്ത്രണത്തിലാകാനാണ് സാധ്യത. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിക്കുന്നത്.

സംസ്ഥാനത്ത് 1609 പ്രാഥമിക സഹകരണ ബാങ്കുകളും 10115 സഹകരണ സംഘങ്ങളുമാണുളളത്. യുഡിഎഫ് ഭരിക്കുമ്പോള്‍ എല്ലാ സഹകരണ സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കുകയും എല്‍ഡിഎഫ് ഭരണത്തിലെത്തുമ്പോള്‍ ഇത് റദ്ദാക്കി ഭരണ പങ്കാളിത്തം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയുമായിരുന്നു രീതി. കേരള ബാങ്ക് രൂപീകരണത്തിന് ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിബന്ധനയ്ക്കെതിരെ സഹകരണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നബാര്‍ഡ് നിബന്ധന സര്‍ക്കാരിന് ഇരട്ടിപ്രഹരമായത്.

error: Content is protected !!