വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രി താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ താപനില ഉയരും

സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതടക്കം 12 ജില്ലകളിൽ താപനില ഉയരും. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായമാ അന്തരീക്ഷ സ്ഥിതി അടുത്ത 2 ദിവസവും തുടരുമെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്ന് രാത്രി താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി.

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊള്ളുന്ന ചൂടിന് ആശ്വാസമായി കാസർകോടും കണ്ണൂരും വേനൽ മഴ ലഭിച്ചു.

അടുത്ത അഞ്ചുദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ഇടുക്കി മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

error: Content is protected !!