ദേവക്കൂത്ത്‌; സ്ത്രീകള്‍ കെട്ടിയാടുന്ന ഏക തെയ്യം

ഗ്രാമീണ ജീവിതത്തിന്റെ അടിസ്ഥാന ബോധധാരയിൽ നിറഞ്ഞ്‌ നിലനിന്നുപോരുന്ന ഒന്നാണു മാതൃസങ്കൽപം. മലയാളികളുടെ ദൈവീക സങ്കൽപങ്ങളിൽ അതു പ്രകടമായി കാണാനുമാവും. ഒരുപക്ഷെ, അതുകൊണ്ടുതന്നേയാവാം ഉത്തര കേരളത്തിലെ പ്രബലരായ ദൈവങ്ങളിൽ തൊണ്ണൂറു ശതമാനവും അമ്മത്തെയ്യങ്ങളായത്‌. എന്നാൽ ആ തെയ്യങ്ങളെല്ലാം മാതൃദേവതകളാണെങ്കിൽ കൂടിയും അവയൊക്കെയും കെട്ടിയാടുന്നവരെല്ലാം തന്നെ പുരുഷന്മാർ ആണു എന്നതാനു വസ്തുത. എങ്കിലും അതിൽനിന്നും വ്യത്യസ്തമായി സ്ത്രീകൾതന്നെ കെട്ടിയാടുന്ന ഒരു തെയ്യമുണ്ട്‌; ദേവക്കൂത്തിലെ ‘വള്ളിയമ്മ’.

മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട്‌ ദ്വീപിലുള്ള കൂലോം-തായക്കാവിലെ കളിയാട്ടത്തിനാണു വള്ളിയമ്മ എന്ന ഏക സ്ത്രീ തെയ്യമുള്ള ദേവക്കൂത്ത്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഉത്തരകേരളത്തിലെ കളിയാട്ടക്കാവുകളിൽ ‘ഗുണം വരുത്തുന്ന’ ധാരാളം തെയ്യങ്ങൾക്കിടയിൽ വള്ളിയമ്മ എന്ന ‘അമ്മത്തെയ്യം’ ശ്രദ്ധിക്കപ്പെടുന്നതും അതു കെട്ടിയാടുന്നത്‌ ഒരു സ്ത്രീതന്നേയാണു എന്നതുകൊണ്ടാവാം. രണ്ടു വർഷത്തിൽ ഒരിക്കൽ കെട്ടിയാടുന്ന ഈ തെയ്യം അവതരിപ്പിക്കാൻ മലയ സമുദായത്തിലെ സ്ത്രീകൾക്കാണു അവകാശമുള്ളത്‌. അതിനാൽ ‘കന്നിക്കൂത്ത്‌’ എന്നും ഇത്‌ അറിയപ്പെടുന്നുണ്ട്‌.


നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട്‌ ഒരുകാലത്ത്‌ മനോഹരമായ ഒരു പച്ചത്തുരുത്ത്‌ ആയിരുന്നത്രെ. അതി മനോഹരമായ ഒരു പൂന്തോട്ടം. ഒരിക്കൽ, ദേവലോകത്ത്‌ ചുറ്റിനടക്കുകയായിരുന്ന ഏഴ്‌ അപ്സരസ്സുകൾ അതു കാണാൻ ഇടയാവുകയും അവിടെനിന്നും ഒരു പൂവെങ്കിലും കിട്ടണമെന്ന് അതിയായ മോഹം ഉണ്ടാവുകയും, അങ്ങിനെ അവർ ഭൂമിയിലേക്ക്‌ ഇറങ്ങി പൂ തിരഞ്ഞു നടക്കുകയും ചെയ്തു. ഇടയിൽ എപ്പൊഴോ അതിൽ ഒരാൾക്കു കൂട്ടം തെറ്റിപ്പോയി. അങ്ങനെ കൂട്ടം തെറ്റിയവളും സഖിയെ നഷ്ടപ്പെട്ടവരും ദ്വീപിലൂടെ അലറിവിളിച്ചു നടന്നു. ഒടുവിൽ സഖിയെ കണ്ടെത്താനാവാതെ കരഞ്ഞുതളർന്ന് നിരാശയോടെ ബാക്കി 6 അപ്സരസ്സുകളും കണ്ണീരോടെ ദേവലോകത്തേക്ക്‌ യാത്രയായി. പക്ഷെ, ദ്വീപിൽ അകപ്പെട്ട അപ്സരസ്സ്‌ അവിടുത്തെ വള്ളിക്കെട്ടിൽ അഭയം തേടുകയും ഉടുതുണിക്ക്‌ മറുതുണി പോലും ഇല്ലാത്ത അവൽ കരഞ്ഞുകൊണ്ട്‌ നാരദനെ ധ്യാനിക്കുകയും ചെയ്തു. (ദേവക്കൂത്തിൽ ഈ രംഗം വളരെ വികാരഭരിതമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്‌.

“അഞ്ജനക്കോലും കണ്ണാടിയും കൊണ്ട്‌
കടുകാ വരികെൻന്റെ നാരദരേ..
ഉടുത്ത ചേലക്കൊരു മറുചേലകൊണ്ട്‌
കടുകാ വരികെന്റെ നാരദരെ..”)

പ്രാർത്ഥനകേട്ട നാരദൻ അഞ്ജനക്കോലും കണ്ണാടിയും ചേലയുമായി വരികയും, അപ്സരസ്സിനെ തായക്കാവിലേക്കും, അവിടുന്ന് കൂലോം ഭാഗത്തേക്കും നയിക്കുകയും, അവിടെ തെങ്ങിന്റെ ഓലകൾകൊണ്ട്‌ ഒരു താൽക്കാലിക മുറി ഉണ്ടാക്കി അതിൽ നിന്ന് അപ്സരസ്സ്‌ വസ്ത്രം മാറുകയും, പിന്നീട്‌ ഒരു തോണിയിൽ തെക്കുമ്പാട്‌ നദി കടന്ന് ആയിരംതെങ്ങ്‌ വള്ളുവൻ കടവിൽ എത്തുകയും, അവിടെനിന്ന് ദേവലോകത്തേക്ക്‌ തിരികെപ്പോകുകയും ചെയ്തു എന്നതാണു ഈ ദേവക്കൂത്തിന്റെ ഐതിഹ്യം. ദേവക്കൂത്തിൽ നാരദനും വള്ളിയമ്മയും കൂടി ഈ സംഭവം ഇതുപോലെതന്നെ രംഗത്ത്‌ അവതരിപ്പിക്കുന്നുണ്ട്‌. വള്ളിക്കെട്ടിൽ തങ്ങിയതിനാലാണു അപ്സരസ്സിനു വള്ളിയമ്മ എന്ന പേരു വന്നതും. ദേവക്കൂത്തിനായ്‌ വള്ളിയമ്മ കോലധാരി മൽസ്യമാംസാദികൾ പൂർണ്ണമായി ഉപേക്ഷിച്ച്‌ 41 ദിവസത്തെ വ്രതത്തിനൊടുവിലാണു കോലം ധരിക്കുന്നത്‌. സാദാരണ തെയ്യങ്ങൾക്കുള്ള എല്ലാ ചമയങ്ങളും വള്ളിയമ്മയ്ക്കുമുണ്ട്‌. ശിരസ്സിൽ 21 കല്ലുവെച്ച തലപ്പാളി, ചുഴിപ്പ്‌, തലപ്പൂവ്‌ എന്നിവയുള്ള കൂമ്പിയ തൊപ്പി, ചിലങ്ക, പാദസരം ഇവയൊക്കെയാണു വള്ളിയമ്മയുടെ പ്രധാന വേഷം. കൂടാതെ അപ്സരസ്സിനെ അനുകരിച്ച്‌ ഉടയാട ഞൊറിഞ്ഞ്‌ ഉടുക്കുകയും ചെയ്യുന്നു. മൃദുവായ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടു സ്ത്രീകൾ പിടിച്ച ചുവന്ന മറ പറ്റിയാണു ദേവക്കൂത്തിലെ കോലം ക്ഷേത്രനടയ്ക്കൽ എത്തുന്നത്‌. (കൂത്തിനെ അനുസ്മരിപ്പിക്കുന്ന രംഗപ്രവേശനം.)
ദേവക്കൂത്തിനു ചിറയ്ക്കൽ തമ്പുരാന്റെ കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ദീഘകാലം ഇതു മുടങ്ങിക്കിടന്നു എങ്കിലും 1985-86 കാലത്തിൽ അത്‌ പുനർജനിക്കപ്പെടുകയായിരുന്നു.

error: Content is protected !!