സനല്‍ വധം; പൊലീസ് ബുദ്ധിയില്‍ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഡിവൈഎസ്പി

പൊലീസ് ബുദ്ധിയിൽ അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഡിവൈഎസ്പി ഹരികുമാർ. ഒളിവിൽ കഴിയുന്ന ഹരികുമാറിനെ കുറിച്ച് വ്യക്തമായ ഒരു സൂചനയും പൊലീസിന് ലഭിച്ചില്ല. അതേ സമയം ഹരികുമാറും കൊല്ലപ്പെട്ട സനലുമായി വാക്കു തർക്കമുണ്ടായപ്പോള്‍ ചിലർ പകർത്തിയ ദൃശ്യങ്ങള്‍ തിരയുകയാണ് പൊലീസ്

ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളയെ ഹരികുമാർ ഫോണിൽ വിളിക്കുന്നില്ല, എടിഎം വഴി പണവും പിൻവലിക്കുന്നില്ല. പൊലീസ് ബുദ്ധിയിലാണ് ഹരികുമാറിൻറെ ഒളിവു ജീവിതം. പക്ഷെ ഹരികുമാറിന് ഒളിവിൽ കഴിയാനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും കൂടാതെ സാമ്പത്തിക സഹായവും എത്തിക്കാനും ആരോ പ്രവർത്തിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ഹരികുമാറിൻറെ അറസ്റ്റ് വൈകുന്നത് സർക്കരിന് നാണക്കേടുണ്ടാക്കുമെന്നതിനാൽ ക്രൈം ബ്രാഞ്ചിന് വലിയ സമ്മർദ്ദമുണ്ട്.

പക്ഷെ കീഴടങ്ങില്ലെന്ന നിലപാടിലേക്ക് പ്രതി മാറിയിട്ടുണ്ട്. ജില്ലാ സെഷൻസിൽ മുൻ കൂർ ജാമ്യ ഹർജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങിയതോടെയാണ് കീഴടങ്ങില്ലെന്ന് ക്രൈം ബ്രാഞ്ചിന് വ്യക്തമായത്. സനൽകുമാർ കൊല്ലപ്പെടുന്നതിന് മുൻപ് ഹരികുമാറുമായി തർക്കത്തിലേർപ്പെട്ടത് ചിലർ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നാണ് സൂചന. കേസിൽ നിർണായകമാകാവുന്ന ഈ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അന്വേഷണ സംഘത്തോട് സാക്ഷികളും കൊല്ലപ്പെട്ട സനലിൻറെ ബന്ധുക്കളും നിസ്സഹകരണം തുടങ്ങിയത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. നിലവിലെ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സനൽകുമാറിന്‍റെ ഭാര്യ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതോടെ കാര്യം കൂടതൽ കുഴയും. അതിന് മുമ്പ് ഹരികുമാറിനെ പിടികൂടുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

error: Content is protected !!