കൊച്ചിയിൽ വന്‍ മയക്കുമരുന്ന് വേട്ട; ലഹരിഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു

കൊച്ചി മട്ടാഞ്ചേരിയിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. റെയ്‍ഡിൽ അഞ്ച് ലക്ഷം രൂപയിലേറെ വിലമതിക്കുന്ന ലഹരി ഗുളികകളും ആംമ്പ്യൂളുകളും പിടിച്ചെടുത്തു. സംഭവത്തിൽ പള്ളുരുത്തി സ്വദേശി ഗുലാബ് അറസ്റ്റിലായി.

നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ഒന്നിച്ച് മട്ടാഞ്ചേരിയിൽ നടത്തിയ റെയ്‌ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ലഹരിമരുന്ന് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയിൽ 140 നൈട്രോസെപാം ഗുളികകളും 500ഓളം ബ്യൂപ്രീനോർഫീൻ ആംപ്യൂളുകളും കണ്ടെടുത്തു. ഇവ മണ്ണിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അർബുദരോഗത്തിനുള്ള വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്യൂപ്രീനോർഫീൻ ആംപ്യൂളൊന്നിന് 1000 രൂപക്കാണ് ഗുലാബ് കച്ചവടം ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.

വിദ്യാർത്ഥികളായിരുന്നു പ്രധാന ഉപഭോക്താക്കള്‍. ഇയാളും മയക്കുമരുന്നിന് അടിമയായിരുന്നു. പള്ളുരുത്തി സ്വദേശിയായ ഗുലാബ് മുൻപും നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. ഇയാൾക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കും.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!