85 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി നാല് പേര്‍ പിടിയില്‍

നിലമ്പൂരിന് സമീപം പൂക്കോട്ടുംപാടത്ത് 85 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി നാല് പേര്‍ പിടിയിലായി. നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിവസമാണ് പണം പിടികൂടിയത് എന്നതും ശ്രദ്ധേയമാണ്. മലപ്പുറം അരീക്കോട് സ്വദേശികളായ മന്‍സൂര്‍ അലി, ദിവിന്‍, മുക്കം സ്വദേശികളായ റഫീഖ്, അന്സാര്‍ എന്നിവരാണ് അറസ്റ്റിലായത്. പൂക്കോട്ടുംപാടം എസ്.ഐ. പി. വിഷ്ണുവിന്‍റെ നേതത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്.

സ്വിഫ്റ്റ് കാറിന്റെ ഡിക്കിയില്‍ പ്രത്യേകം നിര്‍മ്മിച്ച അറയിലായിരുന്നു പഴയ ആയിരത്തിന്‍റെയും അഞ്ഞൂറ്  രൂപയുടെയും നോട്ടുകള്‍ ഒളിപ്പിച്ചിരുന്നത്. താമരശ്ശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്‍റെ കൈയില്‍നിന്നാണ് ഇവര്‍ക്ക് 85 ലക്ഷം രൂപ കിട്ടിയത്. പണം മാറ്റി നല്‍കിയാല്‍ 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ കമ്മീഷനായി നല്‍കാമെന്നായിരുന്നു മന്‍സൂറിനും ദിവിനും റഫീഖിനും അന്‍സാറിനും കിട്ടിയ വാഗ്ദ്ധാനം. ഇതനുസരിച്ചാണ് 85 ലക്ഷം രൂപയുമായി നാലംഗ സംഘം മലപ്പുറത്തേക്ക് തിരിച്ചത്. യാത്രാമധ്യേ പിടിയിലാവുകയായിരുന്നു. പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റിയെടുക്കാമെന്നായിരുന്നു പിടിയിലായവരുടെ വിശ്വാസമെന്ന് പൊലീസ് പറയുന്നു.

error: Content is protected !!