മാഹിപ്പള്ളി തിരുനാൾ ഇന്ന് തുടങ്ങും

മാഹി  സെന്റ്‌ തെരേസ തീർഥാടന കേന്ദ്രം തിരുന്നാളിന്  വെള്ളിയാഴ‌്ച   കൊടിയേറും. വിശുദ്ധഅമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം അൾത്താരയിൽ പൊതുവണക്കത്തിനായി വയ്ക്കുന്നതോടെ 18 ദിവസം നീളുന്ന തിരുനാളിന് തുടക്കമാവും. മുൻസിപ്പൽ സൈറൺ, ദൈവാലയ മണികൾ എന്നിവ ഒന്നിച്ച് മുഴങ്ങുന്നതോടെ ജാതിമത ഭേദമെന്യേ ഒരേ മനസോടെ എല്ലാവരും ഒരുമിക്കുന്ന ധന്യമായ നിമിഷങ്ങളിൽ തിരുനാൾ മഹോത്സവം ആരംഭിക്കുകയായി.
 പള്ളിയുടെ രഹസ്യ അറയിൽ സൂക്ഷിക്കുന്ന  മയ്യഴി അമ്മയുടെ തിരുസ്വരൂപം തിരുനാൾ ആഘോഷത്തിനാണ് അൾത്താരയിൽ പൊതുവണക്കത്തിനായി വയ‌്ക്കുന്നത്. അമ്മയുടെ തിരുസ്വരൂപം ദർശിക്കുവാനായി നാനാഭാഗങ്ങളിൽനിന്നും ആളുകൾ ഒഴുകിയെത്തുമ്പോൾ എല്ലാ മതസ്ഥരും ഒരു കുടക്കീഴിൽ എന്ന പോലെ ഈ ദേവാലയത്തിൽ ഒത്തുചേരും. പ്രധാന ദിവസങ്ങളിൽ ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര എന്നീ റീത്തുകളിലും മലയാളം, ഇംഗ്ലീഷ്, തമിഴ്, കൊങ്കിണി, ലാറ്റിൻ എന്നീ ഭാഷകളിലും ദിവ്യബലികൾ ഉണ്ടാവും.
തിരുനാൾ ജാഗരമായ 14നാണ‌്  മയ്യഴി അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം .  15ന് പുലർച്ചെ രണ്ടു മുതൽ ഏഴുവരെ സെമിത്തേരി റോഡ് ജങ‌്ഷൻ മുതൽ പള്ളിവരെ ശയനപ്രദക്ഷിണം ഉണ്ടാകും. നാടിന്റെ നാനാഭാഗത്തുനിന്നും നൂറ്കണക്കിന് ഭക്തർ പങ്കെടുക്കും. 14നും 15നും തീർഥാടകരുടെ സൗകര്യത്തിനായി ദീർഘദൂര തീവണ്ടികൾക്ക്  മാഹിയിൽ സ്റ്റോപ്പ് അനുവദിക്കും.   22ന്  തിരുസ്വരൂപം രഹസ്യഅറയിലേക്ക‌് മാറ്റുന്നതോടെ തിരൂനാൾ സമാപിക്കും.
error: Content is protected !!