യുഎൻ ഏജൻസിയിൽനിന്ന് കേരളം 500 കോടി വായ്പ വാങ്ങുന്നു

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുളള രാജ്യാന്തര കാർഷികവികസന നിധിയുടെ (ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡവലപ്മെന്റ്– ഇഫാഡ്) 500 കോടി രൂപയുടെ വായ്പ കേരളത്തിനു ലഭിച്ചേക്കും.പ്രളയം മൂലം തകർന്ന കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായാണു വായ്പ. 40 വർഷത്തേക്കു കുറഞ്ഞ പലിശയ്ക്കുള്ള വായ്പയ്ക്കു തത്വത്തിൽ ധാരണയായി.

വികസ്വര രാജ്യങ്ങളിലെ ഗ്രാമീണ കാർഷിക മേഖലയ്ക്കു സഹായം നൽകുന്ന ഏജൻസിയാണു റോം ആസ്ഥാനമായ ‘ഇഫാഡ്’. ഇതിന്റെ പ്രതിനിധികൾ കേരളത്തിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച നടത്തി.പിന്നീടു കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ ഡൽഹിയിലും ആശയവിനിമയമുണ്ടായി.പ്രാഥമിക റിപ്പോർട്ട് കേരളം സമർപ്പിച്ചു. സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി കേന്ദ്രം ഉയർത്തണമെന്നതാണ് അവശേഷിക്കുന്ന തടസ്സങ്ങളിലൊന്ന്. ഇതിനുള്ള സമ്മർദം കേരളം ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര കൃഷിമന്ത്രാലയത്തോട് 2000 കോടിയുടെ സഹായമാണ് അടിയന്തരമായി തേടിയിരിക്കുന്നത്. ദേശീയ ഹോർട്ടികൾച്ചർ മിഷൻ ഫണ്ടിനായും ശ്രമമുണ്ട്.

error: Content is protected !!