പഴയങ്ങാടിയിൽ പട്ടാപ്പകൽ നടന്ന ജ്വല്ലറി കൊള്ള : അന്വേഷണത്തിന് പ്രത്യേകസംഘം; ഓട്ടോ ഡ്രൈവറുടെ മൊഴി നിർണ്ണായകം

പഴയങ്ങാടി നഗരത്തെ ഞെട്ടിച്ച് പട്ടാപകലാണ് നഗരഹൃദയഭാഗത്ത് ജുവലറിയിൽ നിന്നും മൂന്ന് കിലോയിലധികം സ്വർണ്ണവും രണ്ട് ലക്ഷം രൂപയും ഉൾപ്പടെ ഒരു കോടിയോളം സാധനങ്ങൾ കവർന്നത്.പോലീസിന് തന്നെ തലവേദനയായ കേസ് തളിപ്പറമ്പ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും.

അതേസമയം കവർച്ച നടന്ന അൽ ഫത്തീബി ജ്വല്ലറിക്ക് സമീപം തൂവാല കൊണ്ട് മുഖം മറച്ച്പാന്റ് ധരിച്ച വട്ട മുഖമുള്ള ഒരാളെ സംശയകരമായ നിൽക്കുന്നത് കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ മൊഴി കേസന്വേഷണത്തിന് സഹായകരമാകും. പ്രത്യേക അന്വഷണ സംഘം പാപ്പിനിശ്ശേരി സ്വദേശിയായ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി എടുത്തു ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കവർച്ചാസംഘാംഗം എന്ന് സംശയിക്കുന്ന ആളിന്റെ രേഖ ചിത്രം തയ്യാറാക്കും.

പഴയങ്ങാടി ബസ് ന്റാൻറിന് സമീപത്തെ കക്കാട് സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള അൽ ഫത്തീബി ജ്വല്ലറിയിൽ വെള്ളിയാഴ്ച്ചയാണ് കവർച്ച നടന്നത്.ജീവനക്കാരും ഉടമയും കടയുടെ ഷട്ടർ താഴ്ത്തി പൂട്ടി പള്ളിയിൽ നിസ്ക്കാരത്തിനു പോയി ഒരു മണിക്കൂറിനകം തിരിച്ചു വന്നപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻ പഴയങ്ങാടി പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി ജുവല്ലറിക്ക് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ച സ്വർണ്ണ ഉരുപ്പിടികളും പണവും എടിഎം കാർഡുകളും നഷ്ടപ്പെട്ടതായി മനസ്സിലായത്.

കടയ്ക്ക് പുറത്ത് സ്ഥാപിച്ച നിരീക്ഷക്ഷണ ക്യാമറയിൽ നീല നിറത്തിലുള്ള സ്പ്രേ പെയ്ന്റ് അടിച്ച് കേടവരുത്തിയ കവർച്ചാസംഘം നിരീക്ഷണ ക്യാമറയുടെ ഡിവിആർ സംവിധാനവും മോഷ്ടിച്ചു.അതിനാൽ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് കവർച്ചാ സംഘത്തെ തിരിച്ചറിയാനുള്ള സാധ്യത ഇല്ലാതായി. കവർച്ച നടന്ന ജ്വല്ലറിക്ക് അടുത്തൊന്നും നിരീക്ഷണ ക്യാമറകൾ ഇല്ല എന്നതും കേസന്വേഷണത്തെ കുഴക്കുന്നുണ്ട്. വളരെ ആസൂത്രിതമായാണ് കവർച്ച എന്നതാണ് പോലീസിന്റെ നിഗമനം

പോലീസ് നായയും വിരലടയാള വിദഗ്ദരും കവർച്ച നടന്ന ജ്വല്ലറി പരിശോധിച്ചു. പോലീസ് നായ മാടായി കോളേജിന് അടുത്തുവരെ ഓടി തിരിച്ചു വന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും ഒത്തു കൂടി മോഷണം നടത്തുന്ന പ്രൊഫഷണൽ സംഘമാണ് ഈ കവർച്ചക്ക് പിന്നിലെന്നാണ് പ്രാഥമിക സൂചന.

error: Content is protected !!