സോഷ്യൽ മീഡിയ ഹർത്താലിനിടെ ബേക്കറി കൊള്ള: കള്ളൻ പിടിയിൽ

സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിന്‍റെ മറവിൽ താനൂരിലെ ബേക്കറി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും ഉള്ളിൽ കടന്ന് വസ്തുക്കൾ കൊള്ളയടിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത അൻസാർ എന്നയാളാണ് പിടിയിലായത്. താനൂർ സിഐയും സംഘവുമാണ് മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു. ഇയാൾ മറ്റ് നിരവധി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബേക്കറി കൊള്ളയടിക്കാൻ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. താനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച മുഖ്യപ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കാഷ്മീരിലെ കഠുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ ഒരുസംഘം ആളുകൾ ആഹ്വാനം ചെയ്ത ഹർത്താൽ ദിവസമാണ് താനൂരിലെ പ്രമുഖ ബേക്കറി കൊള്ളയടിക്കപ്പെട്ടത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

error: Content is protected !!