കണ്ണൂര്‍: ചക്കരക്കല്ലിലെ വീട്ടില്‍ നിന്നും മുപ്പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ മാതമംഗലം സ്വദേശി പിടിയില്‍. മാതമംഗലം വാര്യത്തെ വലിയവീട്ടില്‍ പ്രശാന്താണ്(45) ചക്കരക്കല്‍ പോലീസിന്റെ പിടിയിലായത്.   ചക്കരക്കല്‍ പോലീസ് സേ്റ്റഷന്‍ പരിധിയിലെ ശാസ്താംകോട്ടം ക്ഷേത്രത്തിന് സമീപത്തെ കെ. സുരേശന്റെ വീട്ടില്‍ നിന്നും മുപ്പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപെട്ട സംഭവത്തിലാണ് പ്രതി പിടിയിലായത്. സുരേശന്റെ മകളും എആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥനായ അഖിലിന്റെ ഭാര്യയുമായ വര്‍ഷയുടേതാണ് കവര്‍ച്ച ചെയ്യപെട്ട ആഭരണങ്ങള്‍.    പ്രസവത്തിനായി വീട്ടില്‍ വന്ന വര്‍ഷ തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെയാണ് കവര്‍ച്ച നടന്നത്. അന്വേഷണം വഴിതെറ്റിക്കാനായി അഞ്ചര പവന്റെ താലിമാല വീട്ടില്‍തന്നെ വെച്ചശേഷമാണ് മറ്റു സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. ചക്കരക്കല്‍ എസ്‌ഐ പി.ബിജുവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ജയപ്രകാശന്‍, രാജു, നിധീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ഷൈനില്‍, പ്രവീണ്‍, സിദ്ധിഖ്, ബിജു എന്നിവടങ്ങിയ സംഘം മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അതിവേഗ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.     കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, മാതമംഗലം എന്നിവിടങ്ങളിലായി വെള്ളിയാഴ്ച്ച രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ അന്വേഷണത്തിനിടയില്‍ മാതമംഗലത്ത് വെച്ച് പോലീസ് സംഘത്തിന്റെ വലയില്‍ പ്രതി കുടുങ്ങുകയായിരുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ ഇയാള്‍ വില്‍പ്പന നടത്തിയതും ബാക്കി ഇയാളുടെ കയ്യില്‍ അവശേഷിച്ചതുമായ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു. മോഷ്ടിക്കപെട്ട സ്വര്‍ണത്തില്‍ അഞ്ചര പവന്റെ ആഭരണം വീട്ടില്‍നിന്ന് തന്നെ കണ്ടെത്തിയതോടെ പോലീസിന് സ്വാഭാവികമായും ആദ്യം സംശയം തോന്നിയത് വീട്ടുകാരെയാണ്.     അതിനാല്‍ വീട്ടുകാരെ ചോദ്യം ചെയ്ത ശേഷമാണ് പോലീസിന്റെ അന്വേഷണം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. തലേ ദിവസം തന്നെ മോഷണത്തിനുള്ള കളമൊരുക്കാന്‍ ജനല്‍പാളി തുറന്ന് വെച്ചിരുന്നുവെന്നും അന്വേഷണം വഴിതെറ്റിക്കാനാണ് അഞ്ചര പവന്റെ ആഭരണം വീട്ടില്‍ തന്നെ വെച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. പെരിങ്ങോം പള്ളിയുടെ ഭണ്ഡാരം കവര്‍ച്ച, മാതമംഗലം വാരത്തെ മാല മോഷണം എന്നിവയുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ പ്രശാന്ത്. ആസൂത്രിതമായ കവര്‍ച്ചയായിട്ടും പോലീസിന്റെ കൂര്‍മ്മബുദ്ധിയും കര്‍മ്മശേഷിയും വെളിവാക്കിക്കൊണ്ടാണ് 48 മണിക്കൂറിനുള്ളില്‍ ചക്കരക്കല്‍ പോലീസ് പ്രതിയെ പിടികൂടിയത്….

error: Content is protected !!