സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.ഇതിനിടെ കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽ  വീണതായാണ് നിഗമനം. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. ഐസിയിവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാർഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടർന്ന് ലിഫ്റ്റ് പ്രവർത്തന രഹിതമായി. പന്തീരങ്കാവ് കൊടൽനടക്കാവിൽ ദേശീയപാതയിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണു.

നാദാപുരം തുണേരിയിൽ കൂറ്റൻ മതിൽ റോഡിലേക്ക് തകർന്നു വീണു. തുണേരി തണൽമരം- കോളോത്ത് മുക്ക് റോഡിലേക്കാണ് മതിൽ തകർന്നു വീണത്. താമരശേരിയിൽ വീടിന്റെ ചുറ്റുമതിൽ മുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിലേക്ക് വീണു. വെള്ളം കയറിയതിനെ തുടർന്ന് പന്തീരങ്കാവ് യു.പി സ്കൂൾ റോഡിൽ ആറു വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എറണാകുളത്ത് തുടർച്ചയായി പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കളമശേരിയിൽ വീടുകളിൽ വെള്ളം കയറി. കെഎസ്ആർടിസി ബസ് സ്റ്റാന്റ് വെളളത്തിൽ മുങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇടപ്പള്ളി, കുണ്ടന്നൂർ, കടവന്ത്ര, എം.ജി.റോഡ്, കാക്കനാട് ഇൻഫോ പാർക്ക് പരിസരം എന്നിവിടങ്ങളിലും വെള്ളം കയറി. കാക്കനാട് ഇൻഫോ പാർക്ക് പ്രദേശത്താണ് കൂടുതൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.ശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി. ജില്ലയിലെ മലയോര മേഖലകളിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. കോർപ്പറേഷൻ പരിധിയിലുണ്ടായ വെള്ളക്കെട്ടിന് കാരണം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമല്ലാത്തതിനാലെന്ന് പ്രതിപക്ഷം ആരോപിച്ചു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

error: Content is protected !!