സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതയെന്നും മലയോര- തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. വരും ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. തീരദേശ മേഖലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

error: Content is protected !!