വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നവകേരള വോളിക്ക് ശനിയാഴ്ച തുടക്കം

ധര്‍മ്മടം മണ്ഡലം നവകേരള സദസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവകേരള സ്റ്റുഡന്റ്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റിന് നവംബര്‍ 4 ശനിയാഴ്ച തുടങ്ങും . 4, 5, 6 തീയതികളിലായി വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റ് രണ്ട് മണിക്ക് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വോളി താരം കിഷോര്‍ കുമാര്‍ മുഖ്യാതിഥിയാകും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എം സുര്‍ജിത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. മൂന്ന് മണിക്ക് സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരും ദല്ല വോളി ടീമുമായി ഏറ്റുമുട്ടുന്ന വനിതാ വോളി പ്രദര്‍ശനമത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും. തുടര്‍ന്ന് ധര്‍മ്മടം മണ്ഡലത്തിലെ സ്‌കൂള്‍ സീനിയര്‍ ടീമുകളുടെ മത്സരം നടക്കും. അഞ്ചിന് ജൂനിയര്‍ ടീമുകളുടെ മത്സരമാണ് നടക്കുക. ആറിന് ഫൈനല്‍ മത്സരങ്ങളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അണിനിരക്കുന്ന സെലിബ്രിറ്റി വോളിയും നടക്കും. എ സി പി വിനോദ് കുമാര്‍ നയിക്കുന്ന കൂത്തുപറമ്പ് സബ് ഡിവിഷൻ  ടീം ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും അണിനിരക്കുന്ന കണ്ണൂര്‍ പ്രസ്സ് ക്ലബ് ടീമുമായി സെലിബ്രിറ്റി വോളിയില്‍ ഏറ്റുമുട്ടും. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ നിര്‍വ്വഹിക്കും. നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബര്‍ 21 ന് ഉച്ചക്ക് 3.30ന് പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ പരിസരത്ത് നടക്കും.


കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ്: മിനി മാരത്തോണ്‍ രജിസ്ട്രേഷന്‍ തുടങ്ങി

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൂത്തുപറമ്പ് മണ്ഡലതല നവകേരള സദസിന്റെ ഭാഗമായി മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 19ന് രാവിലെ 6.30ന് പാനൂര്‍ പൂക്കോത്ത് നിന്ന് ആരംഭിച്ച് കൂത്തുപറമ്പ് ടൗണ്‍ വരെയാണ് മാരത്തോണ്‍ നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. താല്‍പര്യമുള്ളവര്‍ 11നകം 9446659418, 9447274561 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

പേരാവൂര്‍ മണ്ഡലം നവകേരള സദസ്സ് : വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

പേരാവൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന (പെന്‍സില്‍, കാര്‍ട്ടൂണ്‍), ഉപന്യാസ രചന, ഡിജിറ്റല്‍ പോസ്റ്റര്‍ മേക്കിംങ് (മൊബൈല്‍ ഫോണ്‍) എന്നിവയാണ് ഇനങ്ങള്‍.
നവംബര്‍ 11ന് രാവിലെ 9.30 മുതല്‍ ഇരിട്ടി മഹാത്മാഗാന്ധി കോളജിലാണ് മത്സരങ്ങള്‍ നടക്കുക. ഓരോ മത്സര വിഭാഗത്തിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ട് വീതം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ എട്ടിനകം പേര് രജിസ്ട്രര്‍ ചെയ്യണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
ഫോണ്‍ നമ്പര്‍: 9400185072, 9495097109, 9846863669, 9446768622.

ദി ട്രാവലറിന്റെ അടുത്ത യാത്ര ഹൈദരാബാദിലേക്ക്

കുടുംബശ്രീ ട്രാവലറിന്റെ  അടുത്ത യാത്ര ഹൈദരാബാദിലേക്ക്.  ജില്ലയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ട്രാവലര്‍ വനിത ടൂര്‍ എന്റര്‍പ്രൈസസിന്റെ പതിനാലാമത്തെ ഡെസ്റ്റിനേഷനാണിത്. യാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കായി ബഡ്ജറ്റ് ഫ്രണ്ട്ലിയായി ടൂര്‍ പാക്കേജുകളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടങ്ങിയത്. എന്നാലിത് വിപുലീകരിക്കാനും യാത്രകള്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി അവസരങ്ങള്‍ ഒരുക്കാനുമുള്ള ശ്രമത്തിലാണ് ട്രാവലര്‍ അംഗങ്ങള്‍. നവംബര്‍ 10ന് ആരംഭിക്കുന്ന ഹൈദരാബാദ് യാത്ര മൂന്ന് പകലുകളും രണ്ട് രാത്രികളിലുമാണ് ഒരുക്കിയിരിക്കുന്നത്. 14500 രൂപയാണ് നിരക്ക്. നവംബര്‍ 10ന് മൂകാംബിക പാക്കേജും ഒരുക്കിയിട്ടുണ്ട്. രണ്ടു പകലുകളും ഒരു രാത്രിയിലുമുള്ള യാത്രയുടെ നിരക്ക് 3700 രൂപയാണ്. നവംബര്‍ 18 നും ഇതേ പാക്കേജുകള്‍ ഉണ്ടായിരിക്കും. ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന. കുടുംബശ്രീ യൂണിറ്റുകള്‍ക്കും, ഗ്രൂപ്പുകള്‍ക്കും ഇളവ് ലഭിക്കും. യാത്രയ്ക്ക് താല്പര്യമുള്ളവര്‍ 7012446759, 9947258039, 8891438390 എന്നീ നമ്പറുകളില്‍ വിളിക്കുക.

സംയുക്ത യോഗം 22ന്

ജില്ലാ ആംഡ് ഫോഴ്‌സ് ഫ്‌ളാഗ് ഡേ ഫണ്ട് കമ്മറ്റിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും സംയുക്ത യോഗം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30 നകം സമർപ്പിക്കണം

പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്ന എല്ലാവരും  നവംബർ 30 നകം  ലൈഫ് സർട്ടിഫിക്കറ്റ്  സിവിൽ സ്റ്റേഷനിലെ പി ആർ ഡി മേഖലാ ഡെപ്യൂട്ടി  ഡയറക്ടർ  ഓഫീസിൽ  സമർപ്പിക്കണമെന്ന്  പി ആർ ഡി  പെൻഷൻ  വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഗസറ്റഡ് ഓഫീസർ നവംബറിലെ തീയതിയിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് , അല്ലെങ്കിൽ നവംബർ തീയതിയിലുള്ള ജീവൻ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ  നവംബർ 30 ന് മുമ്പ് നൽകണം.നേരിട്ടോ ദൂതൻ മുഖേനയോ നൽകാം.ദൂതൻ മുഖേന നൽകുന്നവർ ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം. ഫോൺ ; 0497 2760725

സംരംഭകത്വ പരിശീലനം

പുതിയതായി സംരംഭം തുടങ്ങുന്നവര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 14 മുതല്‍ 18 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ www.kied.info  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നവംബര്‍ ആറിന് മുമ്പ് അപേക്ഷ നല്‍കുക. ഫോണ്‍: 0484 2550322, 2532890.

മത്സരപരീക്ഷാ പരിശീലന ധനസഹായം:
അപേക്ഷ ക്ഷണിച്ചു

പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലന കോഴ്സുകളായ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ്, ബാങ്കിങ് സര്‍വ്വീസ്, സിവില്‍ സര്‍വ്വീസ്, ഗേറ്റ്/ മാറ്റ്, യു ജി സി, നെറ്റ്/ജെ ആര്‍ എഫ് എന്നിവക്ക് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വകുപ്പ് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന  പോര്‍ട്ടലില്‍ ഓണ്‍ലൈനായി നവംബര്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം.  വിജ്ഞാപനവും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയും www.egrantz.kerala.gov.in,www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0495 2377786.

സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വകസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ് വരെയുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ജില്ലാ  ഓഫീസിലെത്തുക.  അപേക്ഷാ ഫോറം www.kswdc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0497 2701399, 9778019779.

ഹിന്ദി ട്രെയിനിങിന് അപേക്ഷിക്കാം

വിദ്യാഭ്യാസ വകുപ്പിന്റെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കുമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 ഇടയില്‍.   അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 25 നകം ലഭിക്കണം. വിലാസം: പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 0473 4296496, 8547126028.

യോഗം 7ന്

ശുചിത്വ മാലിന്യ സംസ്‌കരണം – ജില്ലാ ഏകോപന സമിതി – മാലിന്യമുക്തം നവകേരളം – ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് എന്നിവയുടെ സംയുക്ത യോഗം നവംബര്‍ ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചേമ്പറില്‍ ചേരും.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് – എല്‍ പി എസ് – ഫോര്‍ത്ത് എന്‍ സി എ – എസ് സി – 811/2022) തസ്തികയിലേക്ക് പി എസ് സി ജൂണ്‍ രണ്ടിന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ലേലം

കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നടുവില്‍ അംശം ദേശത്ത് റി സ.292/1എയില്‍ പെട്ട 0.1376 ഹെക്ടര്‍ ഭൂമി നവംബര്‍ ഒമ്പതിന് രാവിലെ 11.30ന് ന്യൂ നടുവില്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ന്യൂ നടുവില്‍ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലും ലഭിക്കും.

error: Content is protected !!