ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് നാലുദിവസം മാത്രം ശേഷിക്കെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഇഡി കുരുക്ക്. ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയതായി ഇഡി വെളിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്റെ ഉടമകൾക്കെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

പണം കൈമാറാൻ ഇടനില നിന്നയാൾ മൊഴി നൽകിയെന്നാണ് ഇ.ഡി. അവകാശപ്പെട്ടത്. വിഷയത്തിൽ അന്വേഷണം ആവശ്യമുണ്ടെന്നും ഇ.ഡി. വെളിപ്പെടുത്തി. പണക്കൈമാറ്റത്തിന് ഇടനില നിന്നയാളെന്ന് ആരോപിച്ച് അസിം ദാസ് എന്നയാളെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് 5.39 കോടി രൂപയും കണ്ടെടുത്തിരുന്നു. ഇയാളിൽനിന്നു പിടിച്ചെടുത്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയാക്കിയതിൽനിന്നും മഹാദേവ് നെറ്റ്‌വർക്കിന്റെ ഉയർന്ന ഉദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയിൽ പരിശോധിച്ചതിൽനിന്നുമാണ് നിർണായക വിവരം ലഭിച്ചത്.

ബാഗേൽ എന്നു പേരുള്ള ഒരു രാഷ്ട്രീയ നേതാവിന് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ കൈമാറാനായി തന്നെ ഏൽപ്പിച്ചതാണ് പിടിച്ചെടുത്ത പണമെന്ന് അസിം ദാസ് മൊഴി നൽകിയതായും ഇ.ഡി. പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി മഹാദേവ് ആപ് ഉടമകൾ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പണം നൽകുന്നുണ്ടെന്നും ഇതുവരെ 508 കോടി രൂപ നൽകിയതായും ഇ.ഡിയുടെ പ്രസ്താവനയിൽ പറയുന്നു.

error: Content is protected !!