ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ പിൻവലിച്ചു

നിലാവ് കുടിച്ച സിംഹങ്ങൾ എന്ന ആത്മകഥ പ്രസിദ്ധീകരിയ്ക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. മുൻ ചെയർമാൻ കെ ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിൽ ഉണ്ടായിരുന്നത്.

താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്നും ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് പുസ്തകത്തിൽ സോമനാഥ് പറയുന്നത്. വിസ്എസ്‍സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രൊ മേധാവിയായി ഉയർന്ന കെ. ശിവൻ തന്‍റെ കരിയറിന്‍റെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികളുണ്ടാക്കിയെന്ന് സോമനാഥ് ആത്മകഥയിൽ ആരോപിക്കുന്നു.

നിർണായക ഘട്ടങ്ങളിൽ തന്നെ മനപ്പൂർവം അകറ്റി നിർത്തി. തനിക്ക് അർഹതപ്പെട്ട വിഎസ്‍എസ്‍സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. ഒരു ഐഎസ്ആർഒ മേധാവിയും തന്റെ മുൻഗാമിയെക്കുറിച്ച് ഇത്തരം ആരോപണങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ചിട്ടില്ല. പല നിർണായക ദൗത്യങ്ങളിലും കെ.ശിവന്‍റെ തീരുമാനങ്ങൾ പ്രതികൂല ഫലമുണ്ടാക്കിയെന്നാണ് അദ്ദേഹം പറയുന്നത്.

ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെയാണ് ചന്ദ്രയാൻ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്റെ തീരുമാനം വന്നതെന്നും അതാണ് ദൗത്യം പരാജയത്തിലേക്ക് പോകാൻ കാരണമെന്നുമാണ് സോമനാഥിന്റെ നിലപാട്. എന്നാൽ, വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും എല്ലാം സുതാര്യമാണെന്നുമായിരുന്നു കെ. ശിവന്‍റെ പ്രതികരണം.

error: Content is protected !!