വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം 9ന്
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേരും.
ക്രാഫ്റ്റ് 23′ ശില്പശാലയുമായി തളിപ്പറമ്പ് മണ്ഡലം
തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാര്‍ഥികളെ പ്രവൃത്തിപരിചയ മേളയ്ക്ക് സജ്ജരാക്കാന്‍ ‘ക്രാഫ്റ്റ് 23’ ശില്പശാല സംഘടിപ്പിക്കുന്നു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി പരിചയ മേളയ്ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കി മികച്ച പഠനാന്തരീക്ഷം വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മണ്ഡലത്തിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഒക്ടോബര്‍ നാലിന് കരിമ്പം ഐ ടി കെ ഹാളിലാണ് അധ്യാപകര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. പരിശീലനം നേടിയ അധ്യാപകര്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലനം നല്‍കും. ഒക്ടോബര്‍ പത്തിനകം മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തി പരിചയമേളയുടെ മാന്വല്‍ പരിചയപ്പെടുത്തല്‍, വിവിധ മത്സരയിനങ്ങളില്‍ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പരിശീലനം എന്നിവയാണ് വിദ്യാര്‍ഥികള്‍ക്കായുള്ള ശില്പശാലയിലുണ്ടാവുക. ഏതെങ്കിലും ഒരു മേഖലയില്‍ കുട്ടികളുടെ നൈപുണ്യം വളര്‍ത്തിയെടുക്കാനും അവരുടെ അഭിരുചികള്‍ക്കനുസരിച്ച് സ്വയം പാകപ്പെടുത്താനുള്ള അവസരം കൂടിയാണ് ക്രാഫ്റ്റ് 23. വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു.
ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി അനിത കെ എ എസ് അധ്യക്ഷത വഹിക്കും. എസ് എസ് കെ ഡി പി സി ഇ സി വിനോദ് മുഖ്യാഥിതിയാകും.
സൗജന്യ ചികിത്സ
പരിയാരം ഗവ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്ത്രീകളിലെ ചൊറിച്ചിലോടുകൂടിയ വെള്ളപോക്കിന് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ ലഭിക്കും. സേവനം ആവശ്യമുള്ളവര്‍ ആശുപത്രി ഒ പിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ എത്തുക. ഫോണ്‍: 9447339001.
ജവഹര്‍ നവോദയ വിദ്യാലയം; ലാറ്ററല്‍ എന്‍ട്രി പ്രവേശനം
അടുത്ത അധ്യയന വര്‍ഷത്തില്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പത്, 11 ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകര്‍ 2009 മെയ് ഒന്നിനും 2011 ജൂലൈ 31നും ഇടയില്‍ ജനിച്ചവരും ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. പതിനൊന്നാം ക്ലാസിലേക്കുള്ള അപേക്ഷകര്‍ 2007 ജൂണ്‍ ഒന്നിനും 2009 ജൂലൈ 31നും ഇടയില്‍ ജനിച്ചവരും ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം.
ഓണ്‍ലൈനായി ഒക്ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.navodaya.gov.in, https://www.navodaya.gov.in/
ബോധവല്‍ക്കരണ ക്ലാസ് 5ന്
കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്റ് അവയര്‍നസ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്കില്‍ ഔഷധ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ 12 മണി വരെ കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളിലാണ് പരിപാടി. ആശുപത്രി ഫാര്‍മസികള്‍, നീതി, കാരുണ്യ, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഔഷധ ചില്ലറ, മൊത്ത സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്ന് കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടികവര്‍ഗ വികസന പ്രൊജക്ട് ഓഫീസ് എന്നിവയുടെ സഹകരണത്തോടെ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16നകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം മട്ടന്നൂര്‍ എംപ്ലോയ്മെന്റ് ഓഫീസിലോ ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. 30 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0490 2474700.
ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള
പ്രവേശനം 20 ലേക്ക് നീട്ടി
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ 22 ബിരുദ- ബിരുദാനന്തര അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനം ഒക്ടോബര്‍ 20 വരെ നീട്ടി. 12 ബിരുദ കോഴ്സുകളിലേക്കും 10 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം.
തടികള്‍ വില്‍പനക്ക്
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തടികളുടെ ലേലം ഒക്ടോബര്‍ ആറിന് നടക്കും. കണ്ണവം റേഞ്ച് 1957, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച ഇരൂള്‍, ആഞ്ഞിലി, വേങ്ങ, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, കുന്നി തുടങ്ങിയ തടികള്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടെക്നീഷ്യന്‍ മെക്കട്രോണിക്സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. മെക്കട്രോണിക്സ്/ മെക്കാനിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഈഴവ/ തീയ്യ/ ബില്ല വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.
അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി പി, എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. ഫോണ്‍: 9947763222.
സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കെല്‍ട്രോണിന്റെ കീഴില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ ഒക്ടോബര്‍ ആറിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700831.
ലേലം
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ അധികാരപരിധിയില്‍ വരുന്ന വിവിധ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ വാഹനങ്ങള്‍ എം എസ് ടി സി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ www.mstcecommerce.com മുഖേന ഒക്ടോബര്‍ 12ന് ഇ ലേലം ചെയ്യും. ഫോണ്‍: 0497 2763339, 9497925858.