വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരുവ കടല്‍ക്കണ്ടം പാലം പുനര്‍നിര്‍മാണ ശിലാസ്ഥാപനം ശനിയാഴ്ച

കോളയാട് ഗ്രാമപഞ്ചായത്ത് പെരുവ കടല്‍ക്കണ്ടം പാലം പുനര്‍ നിര്‍മാണം ശിലാസ്ഥാപനം സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകീട്ട് 3.30ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നടത്തും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കടല്‍ക്കണ്ടം, ചന്ദ്രോത്ത്, ആക്കംമൂല, കളാങ്കണ്ടി എന്നീ സെറ്റില്‍മെന്റുകളിലെ 100 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് പ്രധാന ടൗണുകളിലേക്ക് എത്തിച്ചേരാനുള്ള ഏക വനപാതയിലാണ് കടല്‍ക്കണ്ടം പുഴക്ക് കുറുകെ പാലം നിര്‍മിക്കുന്നത്. പി ഡബ്യു ഡി (പാലം) വിഭാഗത്തിന് വകുപ്പിന്റെ 2022-2023 കോര്‍പ്പസ് ഫണ്ടിലുള്‍പ്പെടുത്തി 2.29 കോടി രൂപയാണ് അനുവദിച്ചത്. അപ്രോച്ച് റോഡ് നിര്‍മാണത്തിനായി വനഭൂമി തരം മാറ്റുന്നതിന് 4.24 ലക്ഷം രൂപ വനം പരിസ്ഥിതി മന്ത്രാലയത്തിന് അനുവദിച്ചു.

നവീകരിച്ച ആറളം ഗവ. ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ശനിയാഴ്ച

നവീകരിച്ച ആറളം ഗവ. ഗസ്റ്റ് ഹൗസ് സെപ്റ്റംബര്‍ 30 ശനിയാഴ്ച രാവിലെ 11.30ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളാകും.

വിദ്യാഭ്യാസ മന്ത്രി ആറിന് ജില്ലയില്‍

പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഒക്ടോബര്‍ ആറിന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി സംസ്‌കൃതോത്സവം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാള്‍, 11.30ന് പാപ്പിനിശേരി പഞ്ചായത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം, ഉച്ചക്ക് 12.15ന് ചെറുകുന്ന് ഗവ. വെല്‍ഫയര്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടനം , ഒരു മണിക്ക് കടന്നപ്പള്ളി യു പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം, മൂന്ന് മണി ചുഴലി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം, വൈകിട്ട് 4.30ന് ചെണ്ടയാട് സരസ്വതി വിലാസം യു പി സ്‌കൂള്‍ പ്ലാറ്റിനം കെട്ടിടോദ്ഘാടനം എന്നിവയാണ് പരിപാടികള്‍

ശിശുദിനാഘോഷം : വിപുലമായ പരിപാടികൾ

ശിശു ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്താൻ അസി. കലക്‌ടർ അനൂപ് ഗാർഗിന്റെ അധ്യക്ഷതയിൽ ചേർന്ന ശിശുക്ഷേമസമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. രചനാ മത്സരങ്ങൾ, പ്രസംഗ മത്സരം , നാടൻപാട്ട്  മത്സരം വർണ്ണശബളമായ ശിശുദിനറാലി എന്നിവയാണ് ജില്ലാതലത്തിൽ സംഘടിപ്പിക്കുക. തെരഞ്ഞെടുക്കപെടുന്ന കുട്ടികൾക്ക് ഇക്കുറി സംസ്ഥാന തല റാലിയിൽ പങ്കെടുക്കാനും അവസരമുണ്ടാകും . എൽപി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികൾക്കാണ് രചനാമത്സരങ്ങൾ. പ്രസംഗമത്സരം എൽ പി ,യു പി തലത്തിൽ നടത്തും .18 വയസിനു താഴെയുള്ളവർക്കാണ് നാടൻ പാട്ട് മത്സരം. വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടികളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുക്കും. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം   ശിശുദിന റാലി രാവിലെ 9.30  ന് മുൻപ് അവസാനിപ്പിക്കും.  അസി. കലക്‌ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ  ശിശുക്ഷേമസമിതി സെക്രട്ടറി കെ എം രസിൽരാജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുമേശൻ, ജോയിന്റ് സെക്രട്ടറി യു കെ ശിവകുമാരി , ജില്ലാ വൈസ് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി അശോക് കുമാർ,പ്രവീൺ രുഗ്മ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഭരണഭാഷാ വാരാചരണം: വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും
ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു

ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഭരണഭാഷാ ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷ ജില്ലാ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഓഫീസുകളില്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലാനും വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ സംഘടിപ്പിക്കാനും ഔദ്യോഗിക ഭാഷാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി വി കൃഷ്ണകുമാര്‍ നിര്‍ദ്ദേശിച്ചു.   സര്‍ക്കാരിന്റെ ഭരണഭാഷാ നയം പരമാവധി പിന്തുടരണമെന്നും പൊതുജനങ്ങള്‍ക്ക് അത് പ്രയോജനകരമാകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ഭരണഭാഷാ  പുരോഗതി  വിലയിരുത്തി. വകുപ്പ് തല സമിതികള്‍ യഥാസമയം ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ ചേരും. യോഗത്തില്‍ ജില്ലാപഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, ഔദ്യോഗിക ഭാഷാ വിഭാഗം ഹെഡ് ക്ലര്‍ക്കുമാരായ പി ഷലീഷ്, സി മനോജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: ദിശ

എം പിമാരുടെ ആസ്തി വികസന ഫണ്ട് പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ നടപടിയെടുക്കണമെന്ന് ജില്ലാ ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മറ്റി(ദിശ) യോഗത്തില്‍ തീരുമാനം. പട്ടികജാതി, പട്ടിക വര്‍ഗ പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ വേഗത്തിലാക്കണം. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമാകാന്‍ വൈകുന്നത് പദ്ധതി ആരംഭിക്കുന്നതിന് കാലതാമസം വരുത്തുന്നതായി യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച കെ സുധാകരന്‍ എം പി പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പലയിടത്തും അടിപ്പാതവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മുഴപ്പിലങ്ങാട് മഠം, നടാല്‍ ഒ കെ യു പി സ്‌കൂള്‍, മാതൃഭൂമി സ്റ്റോപ്പ്, ബക്കളം, ചേലോറ ഭാഗങ്ങളില്‍ അടിപ്പാതയോ അത് സാധ്യമാകാത്ത സ്ഥലങ്ങളില്‍ നടപ്പാതകളോ വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം ദേശീപാത അതോറിറ്റി വിളിച്ചു ചേര്‍ക്കണമെന്നും എം പി നിര്‍ദേശിച്ചു. കുടിവെളള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ഇതിനായി തദ്ദേശസ്ഥാപന തലത്തില്‍ കുടിവെള്ള പദ്ധതികളുടെ പട്ടിക തയ്യാറാക്കാനും യോഗം ആവശ്യപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ടൈനി സൂസണ്‍ ജോണ്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
മാലിന്യമുക്ത നവകേരളം: ഒക്ടോബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെ ശുചീകരണ പരിപാടികള്‍

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെ ജില്ലയില്‍ വിവിധ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ വിശദീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് തദ്ദേശ സ്ഥാപനങ്ങളില്‍ ‘ഒരൊറ്റ ദിവസം ഒരൊറ്റ മണിക്കൂര്‍ പരിപാടി ജില്ലയില്‍ രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ട് മുതല്‍ 10 വരെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹരിത കര്‍മസേനകളുടെ യൂസര്‍ ഫീ ശേഖരണം 80 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 100 ലധികം പേര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമാക്കാനും യോഗം നിര്‍ദ്ദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യ നിര്‍മാര്‍ജ്ജന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നവംബര്‍ 14 ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിത സഭകള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്ന് മുതല്‍ 10 വരെ ഹരിത ഗ്രാമസഭകള്‍ ചേരും.  പ്രവര്‍ത്തന കലണ്ടര്‍ ആവിഷ്‌കരിച്ചാണ് ജനുവരി വരെ നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 1, ഒരൊറ്റ ദിവസം – ഒരൊറ്റ മണിക്കൂര്‍ ജില്ല ഒരുങ്ങി

ശുചിത്വമാണ് സേവനം എന്ന കാമ്പയിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഒരൊറ്റ മണിക്കൂര്‍ – ഒരൊറ്റ ദിവസം പരിപാടിയുടെ രജിസ്ട്രേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ ഒരു മണിക്കൂര്‍ മുന്‍കൂട്ടി തെഞ്ഞെടുത്ത് സ്വച്ഛതാ പോര്‍ട്ടലില്‍ അപ് ലോഡ്   ചെയ്ത പൊതു സ്ഥലങ്ങള്‍ ശുചീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലക്ക് നിശ്ചയിക്കപ്പെട്ട 1924 കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യം ഇതിനകം മറികടന്നു. 104 കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തലശ്ശേരി നഗരസഭയാണ് മുന്നില്‍. പരമാവധി ആളുകളെ അണിനിരത്തി സന്നദ്ധ സേവനത്തിലൂടെ നഗരസഭയില്‍ ഒരു ഡിവിഷനില്‍ രണ്ട് പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ ഓരോ പ്രവൃത്തികളുമാണ് ലക്ഷ്യമാക്കുന്നത്. www.swachhatathiseva.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥലങ്ങള്‍ ഒരു മാപ്പില്‍ ലഭ്യമാക്കും. ഇതില്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാം. ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണി വരെ രജിസ്റ്റര്‍ ചെയ്യാം.

മെഗാ ശുചീകരണ യജ്ഞവുമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം എന്ന പേരില്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 1, 2, 3 തീയതികളില്‍ നടത്തും. പഞ്ചായത്തിലെ എട്ടായിരത്തിലധികം വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടക്കുക.  ഒക്ടോബര്‍ ഒന്നിന് തോടുകള്‍, കുളങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ ശുചിയാക്കും. കച്ചവട സ്ഥാപനങ്ങള്‍  ഒക്ടോബര്‍ രണ്ടിന് ശുചീകരിക്കും. മൂന്നാം തീയതി ഇതിന്റെ മോണിറ്ററിംഗ് പ്രവര്‍ത്തനം നടക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍, എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി സേനാംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, വിമുക്തഭടന്മാര്‍ തുടങ്ങി ആറായിരത്തിലധികം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അണിചേരും. ഹരിത സ്‌കൂളുകള്‍, ഹരിത അങ്കണവാടികള്‍, ഹരിത ഷോപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ ശുചിത്വ പരിപാലനത്തിനുള്ള പുരസ്‌കാരങ്ങളും നല്‍കും. പഞ്ചായത്തിന്റെ ഗ്രീന്‍ സ്റ്റുഡന്റ് പോലീസ് ഒക്ടോബര്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് മൂന്ന് പെരിയയില്‍ ശുചിത്വ ചങ്ങല തീര്‍ക്കും. ചെറുമാവിലായി യു പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും. ഇതോടൊപ്പം ശുചിത്വ വിളംബര ജാഥകളും സംഘടിപ്പിക്കും.

പരിപാടിയുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. സംഘടക സമിതി ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, കണ്‍വീനര്‍ പഞ്ചായത്ത് സെക്രട്ടറി പി പി സജിത എന്നിവരെ തെരഞ്ഞെടുത്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബീന, അസിസ്റ്റന്റ് സെക്രട്ടറി കെ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സന്ദര്‍ശിച്ചു.

മരണപ്പെട്ട ചിന്മയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വീട് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി  മനോജ് കുമാർ സന്ദര്‍ശിച്ചു.

കായിക ക്ഷമതാ പരീക്ഷ മാറ്റി

ജയില്‍ വകുപ്പില്‍ വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ( 652/21, 495/21, 496/21, 626/21) തസ്തികയുടെ തെഞ്ഞെടുപ്പിനായി സെപ്റ്റംബര്‍ 30ന് മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കായിക ക്ഷമതാ പരീക്ഷ മാറ്റിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ചെറുകിട സംരംഭങ്ങള്‍ക്ക് സബ്സിഡി വായ്പ

പി എം എസ് വി എ നിധി പദ്ധതിയില്‍ തളിപ്പറമ്പ് നഗരസഭ പരിധിയില്‍ സംരംഭക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട സംരംഭകര്‍, കുടുംബശ്രീ അയല്‍ക്കൂട്ട സംരംഭകര്‍ എന്നിവര്‍ക്ക് ആദ്യഘട്ട ധനസഹായമായി 10,000 രൂപ വായ്പ നല്‍കുന്നു. ഫോണ്‍: 9562329248, 8086730256.

കെ ജി ടി ഇ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവര്‍ഷത്തെ പി എസ് സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ അപേക്ഷ ക്ഷണിച്ചു. കെ ജി ടി ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ് എന്നീ കോഴ്സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍സീറ്റുകള്‍ ഒഴിവ്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും.  ഒ ബി സി/എസ് ഇ ബി സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് സി-ആപ്റ്റ് ട്രെയിനിങ് ഡിവിഷനില്‍ ഹാജരാകണം. ഫോണ്‍: 0495 2723666, 0495 2356591, 9778751339.
ഇ മെയില്‍: kozhikode@captkerala.com.

ഗസ്റ്റ് ഇന്‍സട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ.ഐ ടി ഐകളില്‍ ഈ അധ്യയന വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
എം ബി എ/ ബി ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ബിരദം/ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമയും ഡി ജി ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടി ഒ ടി കോഴ്‌സ്,  ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടര്‍ സ്‌കില്‍സ്/ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ ആറിന് രാവിലെ 10 മണിക്ക്  കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ.ഐ ടി ഐയില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.  ഫോണ്‍: 0495 2461898.

താല്‍ക്കാലിക നിയമനം

കതിരൂര്‍ ജി വി എച്ച് എസ് എസില്‍ വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഒ എഫ് ടി തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷ ന്‍ എന്നിവയിലേതെങ്കിലുമുളള എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍  ഒക്‌ടോബര്‍ നാലിന് രാവിലെ 10 മണിക്ക് സ്കൂളിൽ  നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.  ഫോണ്‍.  7510153050,  9947085920.

ജെന്‍ഡര്‍ സ്‌പെഷലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ഡിസ്ട്രിക്ട് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിലേക്ക് ജെന്‍ഡര്‍ സ്‌പെഷലിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  യോഗ്യത: സോഷ്യല്‍ വര്‍ക്കിലുളള ബിരുദം/ മറ്റ് സോഷ്യല്‍ ഡിസിപ്ലിന്‍സസിലുള്ള ബിരുദം.  ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.  സര്‍ക്കാര്‍ മേഖലയില്‍/ എന്‍ ജി ഒകളില്‍ ജെന്‍ഡര്‍ ഫോക്കസ്ഡ് മേഖലയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.  പ്രായപരിധി 40 വയസ് കവിയരുത്.
അപേക്ഷാ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ല വനിത ശിശുവികസന ഓഫീസര്‍, ജില്ല വനിത ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍ എന്ന വിലാസത്തില്‍  സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700708. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസില്‍ ലഭിക്കും.

                                                                                                                                                                                                                                                                                                                                         
ഗാര്‍മെന്റ്  മേക്കിങ് പരിശീലനം

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി  മൂന്ന് മാസത്തെ ഗാര്‍മെന്റ് മേക്കിങ് കോഴ്‌സ് സംഘടിപ്പിക്കുന്നു. പാറ്റേണ്‍ മേക്കിങ്, കട്ടിങ് ആന്റ്  സ്റ്റിച്ചിങ്, വാല്യൂ എഡിഷന്‍ ടെക്‌നിക്ക്, ജനറല്‍ ഫാഷന്‍ തിയറി എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ ഒക്‌ടോബര്‍ 17-നകം ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835390.  ഇ മെയില്‍: info@iihtkannur.ac.in.


ക്വട്ടേഷന്‍

കൂത്തുപറമ്പ് ഗവ.ഐ ടി ഐയിലേക്ക് മെക്കാനിക്കല്‍ വെയിങ് സ്‌കെയില്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ 12ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2364535.

error: Content is protected !!