വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പാനൽ ഫോട്ടോഗ്രാഫർ: ഇൻറർവ്യു 18ന്

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പാനൽ ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് സാധുവായ അപേക്ഷ സമർപ്പിച്ചവർക്കുള്ള  അഭിമുഖം ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, കോപ്പി, ക്യാമറ എന്നിവയുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാവണം.

വരുന്നു സയന്‍സ് പാര്‍ക്കില്‍ ത്രീഡി ഷോ തീയറ്റര്‍

ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ത്രീ ഡി ഷോ തീയറ്റര്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാവും. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് തീരുമാനം. തീയറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ത്രീഡി കണ്ണടകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സയന്‍സ് പാര്‍ക്കിലെ ഒന്നാം നിലയിലാണ് തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഡയറക്ടറുടെ മുറി, ലൈബ്രറിയുടെ പുനര്‍ നിര്‍മ്മാണം എന്നിവയും നടത്തി. 31 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 35 പേര്‍ക്ക് ഒരുമിച്ച് ഇരുന്ന് പ്രദര്‍ശനം കാണാനുള്ള സൗകര്യം തീയറ്ററിലുണ്ട്. കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്താനുതകുന്ന പ്രദര്‍ശനങ്ങളാണ് ത്രീ ഡി ഷോയിലൂടെ പ്രദര്‍ശിപ്പിക്കുക. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍ ധനകാര്യ കമ്മിറ്റി റിപ്പോര്‍ട്ടും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ടും, അഡ്വ.ടി സരള പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയുടെയും, യു പി ശോഭയും വികസന സ്റ്റാന്റിംങ് കമ്മിറ്റിയുടേയും, വി കെ സുരേഷ് ബാബു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടേയും റിപ്പോര്‍ട്ട്  അവതരിപ്പിച്ചു. വിവിധ വകുപ്പ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കര്‍ഷകദിനാചരണം നടത്തും

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കണ്ണപുരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും സംയുക്തമായി കര്‍ഷകദിനാഘോഷവും വിളംബരജാഥയും നടത്തും. കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ആഗസ്റ്റ് 17ന് രാവിലെ 10.30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക്  ചെറുകുന്ന് തറ ടാക്‌സി സ്റ്റാന്റ് പരിസരത്ത് നിന്ന് കര്‍ഷകരെ ആനയിച്ചുകൊണ്ടുള്ള വിളംബര ജാഥ തുടങ്ങും. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷത വഹിക്കും. കെ വി ജനാര്‍ദ്ദനന്‍, തോര ബാലന്‍, ആഷ മാട്ടുമ്മല്‍, കെ വി രാജന്‍, കെ സീത, പി ഉഷ, വി ശശിധരന്‍ എന്നീ കര്‍ഷകരെയാണ് ആദരിക്കുന്നത്.

പൂക്കള മത്സരം   ആഗസ്റ്റ് 24ന്
 
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല , സ്വകാര്യ സഥാപനങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു.അതാത് സഥാപനങ്ങളിലാണ് പൂക്കളം ഒരുക്കേണ്ടത്.ആഗസ്റ്റ് 24 നാണ് പൂക്കള മത്സരം.
താൽപര്യമുള്ളവർ ഡിടി പിസിയുടെ dtpckannur.com എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക്  0497-2706336
സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ അവസരം
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കലാ  രംഗത്ത് മികവ് തെളിയിച്ചവർക്ക് സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. താല്പര്യമുള്ളവർ ആഗസ്റ്റ്  21  നകം ഡിടി പിസി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

 ഓണാഘോഷ പരിപാടിയുടെ ഭാഗമായി   പോസ്റ്റർ രചനാ മത്സരം


ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ   ആഗസ്റ്റ് 25  മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി  പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് 19  നകം ഡിടി പിസിയുടെ  9447524545 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പോസ്റ്ററുകൾ അയക്കേണ്ടതാണ്. നിബന്ധനകൾക്കായി ഡിടി പിസിയുടെ dtpckannur.com എന്ന വെബ്‌സൈറ്റ്സന്ദർശിക്കേണ്ടതാണ്

സൗരോര്‍ജ്ജ  സാങ്കേതികവിദ്യയില്‍ പരിശീലനം

സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ രണ്ടു ദിവസത്തെ പരിശീലന പരിപാടി  സെപ്റ്റംബര്‍ 11, 12 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍  സി-ഡിറ്റ് വെബ്സൈറ്റില്‍ www.cdit.org  ലഭിക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തി.

കണ്ണൂര്‍ ഗവ. വനിതാ ഐ ടി ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തി. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റേയും, സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ആര്‍ ഐ സെന്ററിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. റെയ്ഡ്കോ കേരള മാനേജിങ് ഡയറക്ടര്‍ സി പി മനോജ്കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഗവ.ഐ ടി ഐ പ്രന്‍സിപ്പല്‍ ടി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രെയിനിങ് ഓഫീസറായ എ പി നൗഷാദ്, പെരിങ്ങോം ഗവ. ഐ ടി ഐ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ മണക്കാട്ട്, വനിതാ ഐ ടി ഐ പ്രിന്‍സിപ്പല്‍ എം പി വത്സന്‍, പറശ്ശിനിക്കടവ് ആര്യഭംഗി സി എന്‍ സി വര്‍ക്സ് മാനേജിങ് ഡയറക്ടര്‍ കെ വി ദിലീപ്, വനിതാ ഐ ടി ഐ സീനിയര്‍ സൂപ്രണ്ട് പി വി നിസാര്‍, ഇ കെ സുധീഷ് ബാബു, കെ രഞ്ജിത്കുമാര്‍, കെ സി ചരസ്ന  തുടങ്ങിയവര്‍ സംസാരിച്ചു.
സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടെ 12 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു.  148 അപ്രന്റിസ് ഒഴിവുകളിലേക്ക് അവസരം നല്‍കി. മേളയോട് അനുബന്ധിച്ച് ജില്ലയിലെ ഐ ടി ഐ അധ്യാപകര്‍ക്ക് പെരിങ്ങോം ഗവ. ഐ ടി ഐ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ മണക്കാട്ട് അപ്രന്റിസ്ഷിപ്പ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കേന്ദ്ര നൈപുണ്യവികസന മന്ത്രാലയ പ്രതിനിധിയായ ബി കെ ബിജോയ് മേളയുടെ മുഴുവന്‍ സമയ നിരീക്ഷകനായി പങ്കെടുത്തു.
നാഷണല്‍ അപ്രന്റിസ്ഷിപ്പ് ആക്ട് 1961 പ്രകാരമുളള അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് മികച്ച രീതിയില്‍ നടപ്പാക്കുന്ന സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് എന്നീ സ്ഥാപനങ്ങള്‍ക്കുളള ഉപഹാരം റീജിയണല്‍ ട്രെയിനിങ് ഡയറക്ടറേറ്റ് അക്കൗണ്‍സ് ഓഫീസര്‍ പി കെ ഹരികൃഷ്ണന്‍ സമര്‍പ്പിച്ചു.

ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

ജില്ലയിലെ ബേക്കറികളില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികളുടെ 2022-23 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി-തൊഴിലുടമകളുടെ യോഗത്തില്‍ ഒത്തുതീര്‍ന്നു. വ്യവസ്ഥയനുരിച്ച് മാസ ശമ്പളം 7000 രൂപ സീലിങ്ങ് കണക്കാക്കി ആയതിന്റെ 20 ശതമാനം ബോണസും, 2700 രൂപ എക്സ്ഗ്രേഷ്യയും നല്‍കുവാന്‍ തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് നൗഷാദ്, യു പി ഷബിന്‍ കുമാര്‍, ടി പി പ്രജിത്ത് രാജ്, പ്രതീക് രാജ്, പി മുഹമ്മദ് അലി യൂണിയനെ പ്രതിനിധീകരിച്ച് എല്‍ വി മുഹമ്മദ്, കെ വി രാഘവന്‍, എം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

മികച്ച അധ്യാപക-രക്ഷാകര്‍തൃ സമിതിയെ തെരഞ്ഞെടുത്തു

2022-23 വര്‍ഷത്തെ സര്‍ക്കാര്‍/ എയിഡഡ് സ്‌കൂള്‍ അധ്യാപക – രക്ഷാകര്‍തൃ സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച അധ്യാപക – രക്ഷാകര്‍തൃ സമിതിയെ തെരഞ്ഞെടുത്തു. പ്രൈമറി വിഭാഗത്തില്‍ മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ.യു പി സ്‌കൂള്‍, കണ്ണവം ഗവ.ട്രൈബല്‍ യു പി സ്‌കൂള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.  സെക്കണ്ടറി വിഭാഗത്തില്‍ കതിരൂര്‍ ജി വി എച്ച് എസ് എസ് ഒന്നാം സ്ഥാനവും ഇരിക്കൂര്‍ ജി എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അധ്യക്ഷനായ ജില്ലാതല സമിതിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്.  ഇരു വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ച സ്‌കൂളുകളെ സംസ്ഥാനതല മത്സരത്തിന് നോമിനേറ്റ് ചെയ്തു.

ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റില്‍  തുടങ്ങുന്ന  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഓഫീസ് ഓട്ടോമേഷന്‍, ഡിടിപി തുടങ്ങിയ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഡാറ്റാ എന്‍ട്രി, ടാലി,  എം എസ് ഓഫീസ്, തുടങ്ങിയ  കോഴ്സുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ മേലെചൊവ്വ  ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള സി-ഡിറ്റിന്റെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.

സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ചെറുകുന്ന് ജി ജി വി എച്ച് എസ് എസ് നാഷണല്‍ സര്‍വ്വീസ് സ്‌കീം ദ്വിദിന സഹവാസക്യാമ്പ് ‘പട്ടം’ സമാപിച്ചു. രണ്ട് ദിവസമായി സ്‌കൂള്‍ ക്യാമ്പസില്‍ നടന്ന ക്യാമ്പില്‍ സ്ത്രീ സമത്വമായിരുന്നു പ്രധാന വിഷയം. തുല്യം എന്ന പേരില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് ചെറുകുന്ന് തറയില്‍ സമത്വ ജ്വാല തെളിയിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം ഗണേശന്‍ അധ്യക്ഷനായി. എന്‍ എസ് എസ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ സ ജയകൃഷ്ണന്‍ മുഖ്യാതിഥിയായി. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീധനത്തിനും സ്ത്രീ ചൂഷണത്തിനുമെതിരെ ബോധവല്‍ക്കരണം നടത്തി.
സംസ്ഥാന ആരോഗ്യവകുപ്പും എന്‍സിഡിയുമായി സഹകരിച്ച് ദൃഢഗാത്രം എന്നപേരില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ ജീവിതശൈലി രോഗപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.100 വീടുകളില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് എതിരായ ബോധവല്‍ക്കരണ പരിപാടിയും അടുക്കള കലണ്ടര്‍ വിതരണവും സംഘടിപ്പിച്ചു. എ വി പ്രഭാകരന്‍, വി വിനീത, പി വിദ്യ, വി കെ വിജയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ പി റജ്ന, എം വി റീന, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി യു ദിവ്യ, കെ ഷാജി, പ്രിന്‍സിപ്പല്‍ എ പി റജ്ന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി യു ദിവ്യ, വളണ്ടിയര്‍ ലീഡര്‍മാരായ കെ അനുഗ്രഹ, ഫാത്തിമത്തുള്‍ നിദ എന്നിവര്‍ പങ്കെടുത്തു.

പ്രീ പെയ്ഡ് കൗണ്ടര്‍; യോഗം 17ന്

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം പ്രീ പെയ്ഡ് കൗണ്ടര്‍ യാത്രാക്കൂലി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്റ്റ് 17ന് ഉച്ചക്ക് രണ്ട് മണിക്ക് സ്ഥലം എം എല്‍ എ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ ടി ഒ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  യോഗത്തില്‍ ഓട്ടോറിക്ഷാ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട രണ്ട് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.

കണ്‍ട്രോള്‍ റൂം സജ്ജം 

ഓണത്തോടനുബന്ധിച്ച് വിപണിയില്‍ അളവുതൂക്കം സംബന്ധിച്ചുള്ള കൃത്രിമം തടയുന്നതിനും പാക്കേജ്ഡ് ഉല്‍പന്നങ്ങളില്‍ ഉണ്ടാകുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനുമായി ആഗസ്റ്റ് 17 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. പരാതികള്‍ സ്വീകരിച്ച് നടപടി സ്വീകരിക്കുന്നതിനായി പ്രത്യേകം കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.  എല്ലാ താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളിലും ജില്ലാ ഓഫീസിലും പ്രത്യേകം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പരാതിയുള്ളവര്‍ക്ക് കണ്ണൂര്‍ ലീഗല്‍ മെട്രോളജി ഓഫീസ് – 8281698127, 8281698122, തലശ്ശേരി – 8281698126, തളിപ്പറമ്പ – 0460 2200586, പയ്യന്നൂര്‍ 9400064092, ഇരിട്ടി – 9400064090 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിഭാഗത്തില്‍ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ (ചെണ്ടയും അനുബന്ധ ഉപകരണങ്ങളും) വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം വാദ്യമേളം തൊഴിലാക്കിയിട്ടുള്ളവരും ഉപകരണങ്ങള്‍ ആവശ്യമുള്ളതുമായ പട്ടികവര്‍ഗക്കാര്‍ മാത്രമുള്ള ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 18ന് മൂന്ന് മണിക്കകം ഇരിട്ടി, തളിപ്പറമ്പ്, പേരാവൂര്‍, കൂത്തുപറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ/ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.

കരാര്‍ നിയമനം

കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പി എച്ച് എന്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായവര്‍ക്കും ജെ പി എച്ച് എന്‍ തസ്തികയിലേക്ക് പ്ലസ്ടു, ജെ പി എച്ച് എന്‍ അല്ലെങ്കില്‍ പ്ലസ്ടു, എ എന്‍ എം പാസായവര്‍ക്കും അപേക്ഷിക്കാം. 50 വയസ് തികയാത്തവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഗവ.വൃദ്ധസദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2771300, 8281428437.

സീറ്റ് ഒഴിവ്

കണ്ണൂര്‍ കൃഷ്ണമേനോന്‍ ഗവ.വനിതാ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബി എ ഇക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥിനികള്‍ ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2746175.

ഓംബുഡ്സ്മാന്‍ സിറ്റിങ് 17ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്സ്മാന്‍ ആഗസ്റ്റ് 17  ന് വ്യാഴാഴ്ച   രാവിലെ 11 മുതല്‍ 12 മണി വരെ ഇരിട്ടി ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും.  പരാതികള്‍ നേരിട്ടും ഓംബുഡ്സ്മാന് നല്‍കാം. കൂടാതെ ഇ മെയില്‍, ഫോണ്‍, തപാല്‍ എന്നിവ വഴിയും പരാതി സമര്‍പ്പിക്കാം. വിലാസം ഓംബുഡ്സ്മാന്‍ ഓഫീസ്, അനക്സ് ഇ ബ്ലോക്ക്, രണ്ടാം നില,  നോര്‍ക്ക ഓഫീസിനു സമീപം, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍. ഇ മെയില്‍: ombudsmanmgnregskannur@gmail.com. ഫോണ്‍: 9447287542.

തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് സെക്കന്റ് എന്‍ സി എ – ഹിന്ദു നാടാര്‍, 621/2022) തസ്തികയിലക്ക് 2022 ഡിസംബര്‍ 30 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാഥികള്‍ ആരും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍

തളിപ്പറമ്പ് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അടിസ്ഥാന യോഗ്യത: എസ്എസ്എല്‍സി. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ ഹാജരാവുക. ഫോണ്‍: 0460 2202571, 8722768346, 9207744107.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ബി, ഡി ബ്ലോക്കുകളിലെ ജനറേറ്ററുകളുടെ കേടായ ഉപകരണങ്ങള്‍ക്ക് പകരം പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

error: Content is protected !!