അന്തസ്സോടെ ജീവിക്കാനുള്ള അവകാശം:16കാരിക്ക് ഗർഭഛിദ്രാനുമതി നൽകി ഹൈക്കോടതി

ഗർഭഛിദ്രാനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയാകുന്ന സംഭവത്തിൽ ഗർഭഛിദ്രം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് കൌസർ എടപ്പഗത്തിന്റേതാണ് ഈ നിരീക്ഷണം. 16കാരിയുടെ 27 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ബലാത്സംഗത്തിൽ ഗർഭിണിയായ ആളെ പ്രസവിക്കാൻ നിർബന്ധിക്കാനാവില്ല. വിവാഹേതര ബന്ധത്തിലായാലും ലൈംഗികാതിക്രമത്തെ തുടർന്ന് ഗർഭിണിയായതായാലും സ്ത്രീകൾ അനുഭവിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളായിരിക്കുമെന്നും കോടതി പറഞ്ഞു. കാമുകനായ 19കാരനിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്.

കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കിൽ, കുഞ്ഞിനെ ഏറ്റെടുക്കാൻ ഹ‍ർജിക്കാരിക്ക് താത്പര്യമില്ലാത്ത പക്ഷം പൂ‍ർണ്ണ ഉത്തരവാദിത്തം സ‌ർക്കാരിനാണെന്നും കോടതി പറഞ്ഞു. ഗർഭഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ​ഗ‍ർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളു. പെൺകുട്ടിയുടെ ​ഗർഭം 27 ആഴ്ചയായെന്ന് മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോടതിയുടെ ഉത്തരവ്.

error: Content is protected !!