മാലിന്യം തള്ളുന്നിടത്ത് ആയിരം വാഴ നട്ട് ചെറുതാഴം പഞ്ചായത്ത്

ചെറുതാഴം ശ്രീസ്ഥ വെസ്റ്റിലെ റോഡരികില്‍ കാട് മൂടി മാലിന്യം തള്ളല്‍ കേന്ദ്രമായ മൂന്നരയേക്കറില്‍ ഇനി നേന്ത്രവാഴകള്‍ തളിര്‍ക്കും. ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായാണ് ശ്രീസ്ഥ വെസ്റ്റില്‍ ആയിരം നേന്ത്രവാഴത്തൈകള്‍ നട്ടത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നരയേക്കറില്‍ വാഴയും പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്.  ശ്രീസ്ഥ ഹരിത സംഘത്തിന്റെ നേതൃത്വത്തില്‍ കാടു മുഴുവന്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കിയാണ് കൃഷി ഇറക്കിയത്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജനകീയാസൂത്രണ പദ്ധതി എന്നിവയുടെ സഹായത്താലാണ് പദ്ധതി നടപ്പാക്കുന്നത്.


വാര്‍ഡ് മെമ്പര്‍ കെ വി ബിന്ദു അധ്യക്ഷത വഹിച്ചു. നവകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ വിശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്തംഗം സി പി ഷിജു, സ്ഥിരം സമിതി അധ്യക്ഷന്‍ ടി വി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ എം ശോഭ, കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം വി രാജീവന്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!