വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഡിജിറ്റല്‍ റീ സര്‍വ്വെ: രേഖകള്‍ പരിശോധിക്കാം

തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജില്‍ ഡിജിറ്റല്‍ റീ സര്‍വ്വേ ബ്ലോക്ക് നമ്പര്‍ ഒന്നു മുതല്‍ 38 വരെയുള്ള പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി. നിലവിലുള്ള സര്‍വ്വേ നമ്പര്‍ പ്രകാരം കുന്നോത്ത് ദേശം ബ്ലോക്ക് 160 സര്‍വ്വേ നമ്പര്‍ ഒന്ന് മുതല്‍ 35 വരെ, മണ്ണയാട് ദേശം ബ്ലോക്ക് 159 സര്‍വ്വെ നമ്പര്‍ ഒന്ന് മുതല്‍ 83 വരെ, വാടിക്കകം, തലശ്ശേരി ദേശങ്ങളിലെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വാര്‍ഡുകള്‍ എന്നിവയാണ് ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയ പ്രദേശങ്ങൾ.

ഈ റെക്കോഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും (https://entabhoomi.kerala.gov.in) കൊടുവള്ളിയിലെ തലശേരി ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായും ക്യാമ്പ് ഓഫിസിലെ റെക്കോഡുകളിലും പരിശോധിക്കാം. പരാതികള്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനകം കണ്ണൂര്‍ റീ സര്‍വേ അസി.ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടലിലോ അപ്പീല്‍ സമര്‍പ്പിക്കാം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിച്ചില്ലെങ്കില്‍ റീ സര്‍വേ റെക്കോഡുകളിലെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് റെക്കോഡുകള്‍ അന്തിമമാക്കും.
ഫോണ്‍:04972700513

246 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

ജില്ലയിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന്  രൂപികരിച്ച വിജിലന്‍സ് സ്‌ക്വാഡുകൾ ആഗസ്റ്റ് 21 വരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 246 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍. 1206 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.  1.14 ലക്ഷം രൂപ വിവിധ സ്ഥാപനങ്ങളിലെ പരിശോധനയില്‍ തത്സമയം പിഴ ഈടാക്കി. 67 സ്ഥാപനങ്ങള്‍ക്ക് 5.24 ലക്ഷം രൂപ പിഴ ചുമത്തി

 പട്ടയകേസുകളുടെ വിചാരണ മാറ്റി

 
ആഗസ്റ്റ് 23ന് കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
അര്‍ഹതാ മാനദണ്ഡങ്ങള്‍:
സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുളളവരായിരിക്കണം. (വയസ്സ് തെളിയിക്കുന്നതിനായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യണം).
വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.  (വില്ലേജ് ഓഫീസറില്‍ നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം). മുന്‍ഗണനാ വിഭാഗം/ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യണം.
വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവരാകരുത്. പ്രായ പൂര്‍ത്തിയായ മക്കള്‍ ഉണ്ടാകാന്‍ പാടില്ല. (ഭിന്നശേഷി/മനോരോഗികളായ മക്കള്‍ ഒഴികെ).
വിധവയെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരായിരിക്കരുത്.
വിധവ അപേക്ഷകയുടെ പരിചരണത്തില്‍ കഴിയുന്ന വ്യക്തി ആണെന്നും ബന്ധപ്പെട്ട ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉള്ളവരായിരിരുത്.
മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരായി കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.
അപേക്ഷകര്‍  ബാങ്ക് പാസ്സ് ബുക്ക് അക്കൗണ്ട് നമ്പര്‍ വരുന്ന പേജ് (അപേക്ഷകന്റെയും വിധവയുടെയും പേരിലുളള ജോയിന്റ് അക്കൗണ്ട്) അപ് ലോഡ്  ചെയ്യേണം. അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അപ് ലോഡ് ചെയ്യണം. www.schemes.wcd.kerala.gov.in വെബ്സൈറ്റിലെ പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ അതാത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം.

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 28ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 28ന് നടക്കും. കണ്ണൂര്‍ ജില്ലാ ടൗണ്‍ സ്പോര്‍ട്സ് ക്ലബ്, സ്റ്റേഷന്‍ റോഡ്, വളപട്ടണം, കാസര്‍കോട് ജില്ലാ വ്യാപാര ഭവന്‍ ഹാള്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2712388.

ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

ജില്ലയിലെ പവര്‍ലൂം മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ഈ വര്‍ഷത്തെ ബോണസ് തര്‍ക്കം  ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമ യോഗത്തില്‍ ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഒന്നാം കാറ്റഗറിയില്‍പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരുവര്‍ഷത്തെ മൊത്ത വരുമാനത്തിന്റെ 16.50 ശതമാനവും രണ്ടാം കാറ്റഗറിയില്‍പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ മൊത്ത വരുമാനത്തിന്റെ 13.50 ശതമാനവും ബോണസ് നല്‍കുന്നതിന് തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് എം പ്രഭാകരന്‍, കെ രാഗേഷ്, സി ചന്ദ്രശേഖരന്‍, പി സി രാധാകൃഷ്ണന്‍, യൂണിയനെ പ്രതിനിധീകരിച്ച് മാവളളി രാഘവന്‍, ടി ശങ്കരന്‍, എ വിനോദ്, ഒ വിജയന്‍, പി നാണു, പി പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2023-24 സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് ല്‍കും. ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം ഇളവ്) നേടിയതും കൂടാതെ സ്‌കൂള്‍ ഫിലാറ്റലിക് ക്ലബ് മെമ്പര്‍ അല്ലെങ്കില്‍ കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയില്‍ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ക്വിസ്, ഫിലാറ്റലി പ്രോജക്ട് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂര്‍ എന്ന മേല്‍വിലാസത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം രജിസ്റ്റേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapost.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.

താല്‍ക്കാലിക നിയമനം

നടുവില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ലക്ചര്‍ സിവില്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ സിവില്‍ എന്നീ തസ്തികകളില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 24ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി പോളിടെക്നിക്കില്‍ ഹാജരാകണം. ഫോണ്‍: 0460 2251033.

സംരംഭക ബോധവല്‍ക്കരണ ശില്‍പശാല

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പാട്യം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക് സംരംഭക ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് എന്‍ വി ഷിനിജ  ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9048865464.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കേളകം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 23 ബുധന്‍ രാവിലെ 11 മണിക്ക് സംരംഭക ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. കേളകം പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്‍പശാല ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് സി ടി അനീഷ്  ഉദ്ഘാടനം ചെയ്യും.  ഫോണ്‍: 9744127993.

ലേലം

കണ്ണൂര്‍ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധന സാമഗ്രികള്‍ സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് മൂന്ന് മണിക്ക് സ്ഥാപനത്തില്‍ ലേലം ചെയ്യും. ഫോണ്‍: 0497 2835183.

ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ ഇലക്ട്രോ ഫ്ളക്സ് ടിഗ് വെല്‍ഡിങ് മെഷീന്‍, മൈക്രോ പ്ലാസ്മ വെല്‍ഡിങ് മെഷീന്‍ എന്നിവ സെപ്റ്റംബര്‍ എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് സ്ഥാപനത്തില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2835183.

റീ ക്വട്ടേഷന്‍

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി മാസ വാടക നിരക്കില്‍ ഡ്രൈവര്‍ സഹിതം ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും ടാക്സി പെര്‍മിറ്റുള്ളതും അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതുമായ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2321818.

ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും.  വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം – 33.  https://app.srccc.in/register എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26.  ഫോണ്‍: 0471 2570471.  വെബ്സൈറ്റ്: www.srccc.in.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം – 33. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. ഫോണ്‍: 0471 2570471, 9846033009, 9846033001. വെബ്സൈറ്റ്: www.srccc.in.

ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്

വിനോദസഞ്ചാര വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തലശ്ശേരി പഠനകേന്ദ്രത്തില്‍ ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റികളുടെ ഒഴിവ് ആഗസ്റ്റ് 25 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ www.kittsedu.org ല്‍ ലഭിക്കും. ഫോണ്‍: 9495995415.

എച്ച് ഡി സി എം തത്സമപ്രവേശനം

പറശ്ശനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ എച്ച് ഡി സി എം കോഴ്‌സില്‍ ജനറല്‍, എസ് സി/ എസ് ടി വിഭാഗത്തില്‍ സീറ്റ് ഒഴിവ്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകുക. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. ഫോണ്‍. 0497
2784002, 2784088, 8089564997.

വാക് ഇന്‍-ഇന്റര്‍വ്യൂ

മലബാര്‍ കാന്‍സര്‍ സെന്ററിലെ ക്യാന്റീനില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങള്‍). താല്‍പര്യമുള്ളവര്‍  സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് എം സി സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകുക.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 25ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്‌കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു. എച്ച് ആര്‍ മാനേജര്‍, സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ മാനേജര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ടെലി കോളര്‍, സെയില്‍സ് പേഴ്സണ്‍ (ഓഫീസ്), മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. യോഗ്യത: എം ബി എ, ഡിഗ്രി, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, ടുഡി/ത്രീഡി ഓട്ടോകാഡ്, ലൂമിയോന്‍.
ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാക്കാം. ഫോണ്‍: 0497 2707610, 6282942066.

തത്സമയ പ്രവേശനം

കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക്കില്‍ ലാറ്ററല്‍ എന്‍ട്രി സ്‌കീം പ്രകാരം നിലവിലുള്ള ഒഴിവുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകളും അടക്കേണ്ട ഫീസും സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005082, 8129642905.

ടീച്ചര്‍ ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നടത്തുന്ന ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സിനും (യോഗ്യത: എസ്എസ്എല്‍സി),ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിനും (യോഗ്യത: പ്ലസ്ടു) അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9072592458, 0490 2321888.

സീറ്റ് ഒഴിവ്

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഈ അധ്യയന വര്‍ഷത്തില്‍ ബി എസ് സി ഫിസിക്സ്, ബി എ ഹിന്ദി, ബി എ ഫങ്ഷണല്‍ ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 24ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0467 2241345.

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ്ഒഴിവ്
.
ഏഴിമല കേന്ദ്രീയ വിദ്യാലയത്തിൽ ബാൽ വാടിക 3 യിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർക്ക് 2023 മാർച്ച് 31ന് 5 വയസ് പൂർത്തിയാവണം. 6 വയസ് തികയാൻ പാടില്ല. താൽപര്യമുള്ള രക്ഷിതാക്കൾ വിദ്യാലയ ഓഫീസിൽ രജിസ്ടർ ചെയ്യുക. ഫോൺ 9495800741,04985 294700
ഡിപ്ലോമ കോഴ്‌സ്

കണ്ണൂര്‍ ഗവ ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ക്വാളിറ്റി എഞ്ചിനീയറിങ്, ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിത്ത് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ, ഐ ടിഐ, ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705.

You may have missed

error: Content is protected !!