എ വി ഗോപിനാഥ് കോൺ​ഗ്രസ് വിട്ടു

മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായും പാര്‍ട്ടിയുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും രാജിതീരുമാനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ ഗോപിനാഥ് പറഞ്ഞു.

മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഈ നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അല്ലാതായിരിക്കുകയാണെന്നും ഗോപിനാഥ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസിനെ തന്‍റെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ തന്നെ ഭാവി നിലപാട് ആലോചിച്ച്‌ മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു പ്രവ‌ത്തകനെയും പാ‌ര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കില്ലെന്നും ഒരു നേതാവിന്‍റെയും എച്ചില്‍ നക്കുന്ന ശീലം തനിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്‍റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഗോപിനാഥ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്‍റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനകരമായ കാര്യമാണെന്നും ഗോപിനാഥ് പറഞ്ഞു. നിരവധി സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്‍റ് ആകുവാന്‍ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനില്‍ അക്കരെ ചോദിച്ചിരുന്നു.

error: Content is protected !!