കച്ചവടക്കാര്‍ക്ക് ഹാൻസ് എത്തിച്ചു നൽകുന്ന മട്ടന്നൂർ സ്വദേശി എക്‌സൈസ് പിടിയിൽ

ബേക്കറി സാധനങ്ങളുടെ മറവിൽ കച്ചവട സ്ഥാപനങ്ങളിൽ ഹാൻസ് എത്തിച്ചു നൽകുന്ന മട്ടന്നൂർ സ്വദേശി പേരാവൂർ എക്‌സൈസിന്റെ പിടിയിലായി. മട്ടന്നൂർ ഇല്ലംകാവ് രയരോത്ത് വീട്ടിൽ കെ.പി. ഷാനവാസ്(39)എന്നയാളാണ് ഹാൻസ് കടത്തുന്നതിനിടെ എക്‌സൈസ് പിടിയിലായത്.

ഇയാൾ മുഴക്കുന്ന്, തോലമ്പ്ര, താഴെ ചാണപ്പാറ, കേളകം, മേഖലകളിലെ ചില കച്ചവട സ്ഥാപനങ്ങളിൽ മിഠായിയുടെയും ബേക്കറി സാധനങ്ങളുടെയും മറവിൽ നിരോധിത പുകയില ഉല്പന്നങ്ങൾ ഗുഡ്‌സ് ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന് സ്ഥിരമായി വില്പന നടത്തുന്നയാളാണെന്ന് എക്‌സൈസ് പറഞ്ഞു.

ഇയാളുടെ പക്കൽ നിന്ന് 7.800 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ (630 ചെറിയ പായ്ക്കറ്റ് ഹാൻസ്) പിടികൂടി. ഇയാൾക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു.ഇയാൾ കുറച്ചു കാലമായി എക്‌സൈസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണികൃഷ്ണൻ, പി.എസ്.ശിവദാസൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!