യുപിയില്‍ കുട്ടികളെ ബന്ദികളാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ബന്ദിയാക്കിയ 23 കുട്ടികളെയും സ്ത്രീയെയും മോചിപ്പിച്ചു. കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദയെ ഏറ്റുമുട്ടലില്‍ വധിച്ചാണ് കുട്ടികളെ മോചിപ്പിച്ചത്. പോലിസിന്റെ വെടിയേറ്റാണ് സുഭാഷ് ബദ്ദ കൊല്ലപ്പെട്ടത്. തിരിച്ചുള്ള വെടിവയ്പ്പില്‍ മൂന്ന് പോലിസുകാര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.

അതിനിടെ, ഇയാളുടെ ഭാര്യയെ നാട്ടുകാര്‍ തല്ലികൊന്നു. പോലിസ് നടപടി അവസാനിച്ച ശേഷം നാട്ടുകാര്‍ അക്രമിയുടെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും മൃതദേഹം പോസ്‌മോര്‍ട്ടം ചെയ്ത ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂയെന്നും കാണ്‍പൂര്‍ റേഞ്ച് ഐജി മോഹിത് അഗര്‍വാള്‍ പറഞ്ഞു.

ഭീകരവിരുദ്ധ സ്‌ക്വാഡും ഉത്തര്‍പ്രദേശ് പോലിസും ചേര്‍ന്നാണ് കുട്ടികളെ മോചിപ്പിക്കാനുള്ള ഓപ്പറേഷന്‍ നടത്തിയത്. സുഭാഷ് ബദ്ദയെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് വെടിവയ്പ്പ് നടത്തിയത്.

കുട്ടികള്‍ സുരക്ഷിതരെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി മാധ്യമങ്ങളെ അറിയിച്ചു. ഓപ്പറേഷനില്‍ പങ്കെടുത്ത പോലിസുകാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.

മകളുടെ ജന്മദിനാഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ച കുട്ടികളെയാണ് സുഭാഷ് ബദ്ദ ബന്ദിയാക്കിയത്. സ്വന്തം ഭാര്യയും ഒരു വയസ്സുള്ള മകളും ബന്ദിയാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജന്മദിനാഘോഷ ചടങ്ങിനെത്തിയ കുട്ടികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീടിന്റെ വാതിലില്‍ മുട്ടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

error: Content is protected !!