ഗവര്‍ണറെ തിരിച്ച് വിളിക്കാൻ പ്രമേയം: രമേശ് ചെന്നിത്തലയുടെ നോട്ടീസ് തള്ളി

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

പ്രമേയത്തിന്‍റെ ഉള്ളടക്കം അംഗീകരിക്കുന്നില്ലെന്ന് നിയമമന്ത്രി എ. കെ ബാലന്‍ പറഞ്ഞു. കാര്യോപദേശകസമിതിയുടെ തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു. യോഗത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.

വിഷയം തിങ്കളാഴ്ച നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രമേയം അനുവദിക്കാന്‍ കീഴ്‌വഴക്കമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. പ്രമേയത്തിന് അനുമതി നല്‍കാത്തത് സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്തുകളിയാണ് സൂചിപ്പിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.

നിയമസഭയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഗവര്‍ണറെ മടക്കി വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടിയത്. വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കര്‍ ആയിരിന്നപ്പോഴുള്ള ഒരു റൂളി൦ഗിന്‍റെ അടിസ്ഥാനത്തിലായിരിന്നു പ്രതിപക്ഷത്തിന്‍റെ നിര്‍ണ്ണായക നീക്കം.

 

error: Content is protected !!