ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; ലീഗ് പ്രാദേശിക നേതാവിന്‍റെ വീട്ടില്‍ പരിശോധന

കൂടത്തായി കൂട്ടക്കൊല കേസില്‍ ജോളിയെ ഇന്നും ചോദ്യം ചെയ്യുന്നു. റോയി തോമസിന്‍റെ മൃതദേഹം ശുചിമുറിയുടെ വാതില്‍ പൊളിച്ച് പുറത്തെടുത്ത മരപ്പണിക്കാരന്‍ അശോകന്‍റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അതിനിടെ ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയീന്‍റെ വീട്ടിലും പോലീസ് പരിശോധന നടത്തി.

അശോകനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. റേഷന്‍ കാര്‍ഡും ആധാറും അടക്കമുള്ള രേഖകള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ കൈവശമാണെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയീന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്.

റോയി തോമസിന്‍റെതിന് പുറമേയുള്ള കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന അഞ്ച് സംഘവും ഇന്ന് അടുത്ത ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജോളി എന്‍.ഐ.ടി.യില്‍ നിന്നും സയനൈഡ് സംഘടിപ്പിച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിക്ക് അവിടെ സയനൈഡ് സൂക്ഷിച്ചിരിക്കുന്ന സ്ഥലവുമായി യാതൊരു ബന്ധവുമില്ലെന്നാണ് കണ്ടെത്തല്‍. മാത്രമല്ല പ്രജുകുമാറിന് പുറമേ സയനൈഡ് നല്‍കിയാളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.

ഇന്ന് രാവിലെ മുതല്‍ തന്നെ അന്വേഷണ സംഘത്തിലെ വിത്യസ്ത ഉദ്യോഗസ്ഥര്‍ ജോളിയെ ചോദ്യം ചെയ്യുകയാണ് .അന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കാനായി നിയോഗിച്ച ഐ.സി.റ്റി പോലീസ് സുപ്രണ്ട് ഡോ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാത്രി കോഴിക്കോട് എത്തും.

error: Content is protected !!