മാത്യുവിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്ന് ജോളി

സയനൈഡ് നല്‍കിയത് മദ്യത്തില്‍. മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ കലര്‍ത്തി വിഷം നല്‍കിയെന്ന് ജോളി. തെളിവെടുപ്പിനിടെയാണ് ജോളിയുടെ വെളിപ്പെടുത്തല്‍. മാത്യു മഞ്ചാടിയിലിനൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നുവെന്ന് ജോളി വെളിപ്പെടുത്തി. മാത്യു ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ച് തന്നെയാണ്. തെളിവെടുപ്പിനിടെ ജോളിയും മാത്യുവും ഇക്കാര്യം സമ്മതിച്ചു. തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ മനോരമന്യൂസിനോട് പറഞ്ഞതാണ് ഇത്. സയനൈഡ് രണ്ടുവട്ടം രണ്ട് കുപ്പികളിലായി നല്‍കി. ഒരുകുപ്പി ഉപയോഗിച്ചു; രണ്ടാമത്തേത് ഒഴുക്കിക്കളഞ്ഞു.

കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ് തുടരുകയാണ്. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയാണ് തെളിവെടുപ്പ്. രാവിലെ എട്ടേമുക്കാലോടെ ജോളിയെ വടകര വനിതാ സെല്ലില്‍ നിന്ന് എസ്.പി ഓഫിസിലേക്ക് എത്തിച്ചു. എസ്.പി ഓഫിസില്‍ ഏതാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 09 20 ന് ജോളിയുമായി അന്വേഷണസംഘം കൂടത്തായിയിലേക്ക്.

ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട യാത്ര. 10.55ന് ജോളിയുമായി പൊലീസ് പൊന്നാമറ്റം വീടിന്റെ ഗേറ്റിനുമുന്നില്‍. കൂക്കിവിളിച്ചെത്തിയ നീക്കാന്‍ പൊലീസ് ബലപ്രയോഗം. നാട്ടുകാരെ നീക്കി ജോളിയുമായി പൊലീസ് വാഹനം പൊന്നാമറ്റം മുറ്റത്തേക്ക്. ഗേറ്റ് അടച്ച ശേഷം വാഹനം കാര്‍പോര്‍ച്ചിലേക്ക് മാറ്റി. മറ്റ് രണ്ട് പ്രതികളുമായി വന്ന വാഹനങ്ങളും മുറ്റത്തെത്തി. പതിനഞ്ച് മിനിറ്റിനുശേഷം സീല്‍ ചെയ്തിരുന്ന വീടിന്റെ വാതില്‍ തുറന്ന് ജോളിയെ അകത്തേക്ക് കൊണ്ടുപോയി. ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി വിശകലനം ചെയ്ത് വീട്ടിനുളളിലും പരിസരത്തും അരിച്ചുപെറുക്കിയുളള പരിശോധനയാണ് നടത്തിയത്.

error: Content is protected !!