പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: എറണകുളം കാക്കനാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് വിശദമായ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കാക്കനാട് അത്താണി സ്വദേശി ഷാലന്റെ മകള്‍ ദേവികയാണ് (17) ദാരുണമായി കൊല്ലപ്പെട്ടത്. പറവൂര്‍ സ്വദേശി മിഥുനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ദേവികയുടെ അമ്മയും ശബ്ദം കേട്ട് എത്തിയ അയല്‍വാസികളും രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മിഥുന്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അകന്ന ബന്ധുക്കളായ മിഥുനും ദേവികയും അടുപ്പത്തിലായിരുന്നു. പിന്നീട് പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് പകയ്ക്ക് കാരണം. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പും പെണ്‍കുട്ടിയുടെ അമ്മയും മിഥുനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

error: Content is protected !!