കണ്ണൂരില്‍ പോലീസിനെ നിരീക്ഷിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്; പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: പോലീസിനെ നിരീക്ഷിക്കാന്‍ സിഐടിയു ഡ്രൈവര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്. പോലീസിന്റെ നീക്കങ്ങള്‍ അറിയാനും വിവരങ്ങള്‍ പങ്കുവെക്കാനുമാണ് സിഐടിയു ഡ്രൈവേഴ്‌സ് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. തൊണ്ണൂറോളം അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ സിപിഎം പ്രാദേശിക നേതാക്കളാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലകളിലൊന്നായ പെരിങ്ങോം മേഖല കേന്ദ്രീകരിച്ചാണ് ഗ്രൂപ്പ്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്. ഇവിടെ പോലീസിന്റെ പരിശോധനകളും നീക്കങ്ങളും നിരീക്ഷിക്കുന്നതിനാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. 90 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.

രാവിലെ മുതല്‍ രാത്രിവരെയുള്ള പെരിങ്ങോം പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതായി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്‌ക്കെപ്പെട്ട ശബ്ദസന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. പോലീസ് വാഹനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ എവിടെയാണുള്ളതെന്നും എവിടേയ്ക്ക് നീങ്ങിയെന്നുമെല്ലാമുള്ള വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്‌.

ക്വാറി മാഫിയയുടെയും ചെങ്കല്ല് കടത്തുകാരുടെയുമെല്ലാം നീക്കങ്ങള്‍ സുഗമമാക്കുന്നതിനാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പെരിങ്ങോം പോലീസ് കണ്ടെത്തുകയും തളിപ്പറമ്പ് ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

error: Content is protected !!