ഓണം: കണ്ണൂർ ജില്ലയിൽ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി

കണ്ണൂർ ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. 223 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവക്ക് പിഴ ചുമത്തുകയും ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ഇതിന് പുറമെ ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റവും കരിഞ്ചന്തയും തടയാന്‍ സിവില്‍ സപ്ലൈസ്, ചരക്ക് സേവന നികുതി, അളവ് തൂക്കം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ 54 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയ കടകള്‍ക്ക് പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
തലശ്ശേരി മാര്‍ക്കറ്റില്‍ മത്സ്യം സൂക്ഷിക്കുന്ന ഐസില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസ് വിതരണം ചെയ്യുന്ന കമ്പനിയില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.

error: Content is protected !!