പ്രളയത്തില്‍ മുങ്ങിയ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡി വൈ എഫ് ഐ.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ മുറിവുണങ്ങും മുന്‍പ് വീണ്ടുമൊരു പ്രളയത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് കേരളം. ഉരുള്‍പൊട്ടലുകളില്‍ ഒലിച്ചു പോയ ജീവനുകള്‍, കാറ്റിലും മഴയിലും തകര്‍ന്ന വീടുകള്‍… ഒരായുസ് കൊണ്ട് സമ്പാദിച്ചവ എല്ലാം നഷ്ടപ്പെട്ടു. പക്ഷെ ഈ പ്രളയത്തിന് മീതെ പ്രളയം വന്നാലും അതുകൊണ്ടൊന്നും തങ്ങള്‍ തോല്‍ക്കില്ലെന്ന് തെളിയിക്കുകയാണ് മലയാളികള്‍. ജാതി,മത, രാഷ്ട്രീയങ്ങള്‍ മറന്ന് അവര്‍ കേരളത്തിന് കൈ പിടിച്ചുയര്‍ത്താന്‍ കൈ കോര്‍ക്കുകയാണ്. ഒന്നും നോക്കാതെ മനുഷ്യരെ നോക്കിയാണ് രക്ഷാപ്രവര്‍ത്തനം. ഇവിടെ കണ്ണൂരില്‍ കൊടിയുടെ നിറം നോക്കാതെ സേവനപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഡി.വെ.എഫ്.ഐ പ്രവര്‍ത്തകരും ഈ പ്രളയത്തിലെ നന്‍മയുള്ള കാഴ്ചയാണ്.

വെള്ളം കയറിയ മട്ടന്നൂരില്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസ് ഒരു കൂട്ടും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കുന്നത് വീണ്ടും പ്രതീക്ഷകളുടെ തിളക്കം കൂട്ടുന്നു. രാകേഷ് കയലൂര്‍ എന്നയാളാണ് ഇതാണ് മാതൃക എന്ന കുറിപ്പോടെ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

രാകേഷിന്റെ കുറിപ്പ്:

ഇതാണ്‌ മാതൃക…..

രാഷ്ട്രീയവൈരാഗ്യം തലയ്‌ക്ക്‌ പിടിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപോലും കണ്ണുമടച്ച്‌ എതിര്‍ക്കുന്നവര്‍ ഈ മാതൃകയൊന്ന്‌ കാണണം…….. പ്രളയജലം കയറി ഉപയോഗയോഗ്യമല്ലാതായ കോണ്‍ഗ്രസ്‌ ഓഫീസും ശുചീകരിച്ചത്‌ ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാര്‍. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പൊറോറയിലെ കോണ്‍ഗ്രസ്‌ ഓഫീസായ പ്രിയദര്‍ശിനി ക്ലബ്ബാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്‌. ഡി.വൈ.എഫ്‌.ഐ മട്ടന്നൂര്‍ ബ്ലോക്ക്‌ കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ ബ്ലോക്ക്‌ പരിധിയിലെ പ്രളയബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ്‌ ഓഫീസാണെന്ന്‌ കണ്ട്‌ മാറിനിന്നില്ല. ഒരു മടിയും കാണിക്കാതെ യുവാക്കള്‍ പ്രിയദര്‍ശിനി ക്ലബ്ബും വൃത്തിയാക്കുകയായിരുന്നു. ഏളന്നൂര്‍ യൂണിറ്റിലെ വളണ്ടിയര്‍മരാണ്‌ കോണ്‍ഗ്രസ്‌ ഓഫീസിന്റെ വരാന്തയും ഓഫീസ്‌ മുറിയും ഫര്‍ണിച്ചറുകളുമെല്ലാം ഉപയോഗ യോഗ്യമാക്കിയത്‌.

error: Content is protected !!