കണ്ണൂരിന്റ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ 1100 കോടി രൂപയുടെ പദ്ധതികള്‍

കണ്ണൂരിന്റെ വികസനത്തിനൊപ്പം വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. സൗത്ത് ബസാര്‍ ഫ്‌ളൈ ഓവര്‍, മേലെ ചൊവ്വ അടിപ്പാത, സിറ്റി റോഡ് ഇംപ്രൂമെന്റ് എന്നീ പദ്ധതികള്‍ക്കുള്‍പ്പെടെ 1100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തെക്കീബസാര്‍, മേലെ ചൊവ്വ, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

കണ്ണൂര്‍ നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകള്‍ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 738 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതില്‍ 337 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും 401 കോടി രൂപ റോഡ് വികസനത്തിനുമായാണ് അനുവദിച്ചിട്ടുള്ളത്. 43.42 കി.മീ റോഡ് വികസിപ്പിക്കുന്നതിനുവേണ്ടി 26 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക ലാന്റ് അക്വസിഷന്‍ യൂണിറ്റ് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു.

130 കോടി രൂപ ചെലവിലാണ് തെക്കീബസാര്‍ എ കെ ജി സര്‍ക്കിള്‍ കാല്‍ടെക്‌സ് ജംഗ്ഷന്‍ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിന്. കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 1093 മീറ്റര്‍ നീളത്തിലായിരിക്കും ഫ്‌ളൈ ഓവര്‍. 150 സെന്റ് സ്ഥലവും അനുബന്ധ കെട്ടിടങ്ങളും ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട്. ദേശീയപാത 66ല്‍ കിംസ്റ്റ് ആശുപത്രിക്ക് സമീപത്തുനിന്നും തുടങ്ങി ട്രെയിനിംഗ് സ്‌കൂളിനു സമീപം അവസാനിക്കുന്ന നിര്‍ദ്ദിഷ്ട ഫ്‌ളൈ ഓവറിന് 10 മീറ്ററാണ് വീതി. ഫ്‌ളൈ ഓവറിനോടനുബന്ധിച്ച് ഇരുവശത്തും ഏഴ് മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡും 2.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിക്കും.

28.68 കോടി രൂപ ചെലവില്‍ മേലെചൊവ്വയില്‍ കണ്ണൂര്‍ തലശ്ശേരി റൂട്ടില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും. പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം പൂര്‍ത്തിയായി. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. 50.34 സെന്റ് ഭൂമിയാണ് ഈ പദ്ധതിക്കായി ഏറ്റെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഹാന്‍വീവ് കൈത്തറി മ്യൂസിയത്തിനായി 65 ലക്ഷം രൂപയുടെയും സെന്റ് ജോണ്‍സ് പള്ളി നവീകരണത്തിനായി 86.50 ലക്ഷം രൂപയുടെയും പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ നവീകരണത്തിന് 47 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

ബൃഹത്തായ പദ്ധതികള്‍ക്ക് ജനകീയ സഹകരണം ആവശ്യമാണെന്നും കാനാമ്പുഴ അതിജീവനം പോലെ ജനപങ്കാളിത്തത്തോടെ നിരവധി പദ്ധതികളാണ് വിജയിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്ന 85 ശതമാനം കാര്യങ്ങളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നവര്‍ക്ക് ആകര്‍ഷകമായ നഷ്ടപരിഹാരം ലഭിക്കും. ഇതിനുള്ള തുക കൂടി ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കെട്ടിട ഉടമകള്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്ന രീതിയിലാവും സ്ഥലമേറ്റെടുക്കലെന്നും മന്ത്രി പറഞ്ഞു.
പി ആര്‍ ഡി ചേംമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ് തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!