‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ ബാനറുമായി ലോകക്കപ്പ് മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളില്‍ വിമാനം പറത്തി അജ്ഞാതന്‍.

ലോകകപ്പില്‍ ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടെ ഗ്രൗണ്ടിന് മുകളില്‍ ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്ന ബാനറുമായി വിമാനം പറന്നു. ആരാണ് വിമാനം പറത്തിയതെന്ന് വ്യക്തമല്ല.

ശ്രീലങ്ക ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഗ്രൗണ്ടിന് മുകളില്‍ ഇത്തരമൊരു വിമാനം കണ്ടത്. മത്സരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് സംഭവം. മൂന്നാമത്തെ ഓവറിലാണ് ബാനറുമായി വിമാനം ആദ്യമെത്തിയത്. ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന ബാനറുമായി 17ആം ഓവറില്‍ വിമാനം വീണ്ടുമെത്തി.

ഈ ലോകകപ്പ് മത്സരത്തിനിടെയുണ്ടായ രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അഫ്ഗാനിസ്താന്‍ – പാകിസ്താന്‍ മത്സരത്തിനിടെ ഗ്രൗണ്ടിന് മുകളില്‍ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്താന്‍’ ബാനറുമായി വിമാനം പറന്നു. തുടര്‍ന്ന് ഗ്രൌണ്ടിലുണ്ടായിരുന്ന ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇത്തരമൊരു സംഭവമുണ്ടായതില്‍ നിരാശയുണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രതികരിച്ചു. ലോകകപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സന്ദേശം നല്‍കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രതിഷേധങ്ങള്‍ തടയാന്‍ പ്രാദേശിക പൊലീസ് സേനയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യം ഈ സംഭവമുണ്ടായതിന് പിന്നാലെ ഇനി ആവര്‍ത്തിക്കാതെ നോക്കുമെന്ന് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇത് സംഭവിച്ചതില്‍ അത്യധികം നിരാശയുണ്ടെന്ന് ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

error: Content is protected !!