വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എസ്എസ്എൽസി പരീക്ഷ വിജയികൾക്ക്  ജില്ലാ പഞ്ചായത്തിൻ്റെ  അഭിനന്ദനം

ഈ വർഷത്തെ സംസ്ഥാന എസ്എസ്എൽസി പരീക്ഷാഫലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുഴുവൻ സ്കൂളുകളെയും വിദ്യാർത്ഥികളെയും ജില്ല പഞ്ചായത്ത് അഭിനന്ദിച്ചു.

 ഈ വർഷം ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 103 ഗവൺമെന്റ് സ്കൂളുകൾ –77എയിഡഡ് സ്കൂളുകൾ , 30 അൺ എയിഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി, ആകെ 210 സ്കൂളിൽ 18925 ആൺകുട്ടികളും,  17363 പെൺകുട്ടികളും ഉൾപ്പെടെ 36288 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.  കണ്ണൂർ ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ  സ്മൈൽ പദ്ധതി പ്രകാരം എസ്.എസ്.എൽ.സി, പ്സ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെയും,ഡയറ്റിന്റെയും,എസ്.എസ്.കെ.യുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ മൊഡ്യൂൾ തയ്യാറാക്കി സ്കൂളുകൾക്ക് വിതരണം ചെയ്യുകയും ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഗവണ്മെന്റ് / എയിഡഡ് സ്കൂളുകൾക്കും സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം 40,00,000/- രൂപ അടങ്കൽ വകയിരുത്തി വിദ്യാർത്ഥികൾക്ക് റിഫ്രഷ്മെന്റ് ഉൾപ്പെടെയുളള പദ്ധതികൾ രൂപീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിജയശതമാനം ഉയർത്തുന്നതിൽ നിർണായ പങ്കു വഹിച്ചതായും ജില്ലാ പഞ്ചായത്ത് അറിയിച്ചു.

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം 21ന് തുടങ്ങും

ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് 21 ന്  തുടങ്ങി ജൂണ്‍ 17ന് അവസാനിക്കും.  മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന – ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം – അഷ്ടമി ആരാധന,  ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ്  മഹോത്സവകാലത്തെ പ്രധാന ചടങ്ങുകള്‍.
മെയ് 22ന് അര്‍ധരാത്രി ഭണ്ഡാര അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള്‍ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

അസാപ് സമ്മര്‍ ക്വസ്റ്റ്

അസാപ് കേരള, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് ദിവസത്തെ സമ്മര്‍ ക്യാമ്പ്  എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഈ ക്യാമ്പ്. ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റിങ്,  ഗെയിം ഡവലപ്‌മെന്റ്,  റോബോട്ടിക്സ്, ഡിജിറ്റല്‍ ലിറ്ററസി,  മറ്റ് വിനോദ പരിപാടികള്‍ എന്നിവയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മെയ്  20 മുതല്‍ 24 വരെ തലശ്ശേരി മോംസ് ലാപ് ഇന്റര്‍നാഷണല്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാമ്പ്.  https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 9400890982, 8075851148, 7907828369.

ടൂറിസം സംരംഭകര്‍ക്ക് പരിശീലനവുമായി ഡിടിപിസി

 

ജില്ലയിലെ ടൂറിസം മേഖലയില്‍ പുത്തന്‍ ഉണര്‍വ് ലക്ഷ്യമിട്ടുകൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസം സംരംഭകര്‍ക്കായി മെയ് 22 മുതല്‍ പരിശീലന പരിപാടി തുടങ്ങുന്നു. ജില്ലയിലേക്ക് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ എത്തിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കി ടൂറിസം സംരംഭകരെ പ്രാപ്തരാക്കാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്. പുതിയ ടൂറിസം സംരംഭകരെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം നിലവിലുള്ള സംരംഭകര്‍ക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും ആവശ്യമായ ലൈസന്‍സുകള്‍ സമ്പാദിക്കുന്നതിനും വേണ്ട നടപടികള്‍ എന്നിവയൊക്കെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നടത്തുക. ഒന്നാം ഘട്ട പരിശീലനം മെയ് 22-ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. രണ്ടാം ഘട്ട പരിശീലനം ജൂണ്‍ 12-ന് നടക്കും. മൂന്നാം ഘട്ട പരിശീലനം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ നല്‍കുന്ന വിവിധ തരം ലൈസന്‍സുകളെ കുറിച്ചാണ്. മൂന്ന് ഘട്ടങ്ങള്‍ക്കും പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യണം. dtpckannur.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ, ഡിടിപിസി ഓഫീസില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. ഫോണ്‍: 0497 2960336, 9447524545.

മത്സ്യത്തൊഴിലാളി  ഇന്‍ഷുറന്‍സ് പദ്ധതി; 18 വരെ അപേക്ഷിക്കാം

2024-25 വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം.  മെയ് 18നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നേടാം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  ക്ഷേമനിധി അംഗത്വമുള്ളതും നാളിതുവരെ പ്രാഥമിക മത്സ്യത്തൊഴിലാളി സംഘത്തില്‍ അംഗത്തമില്ലാത്ത മത്സ്യതൊഴിലാളികള്‍ക്കും, മത്സ്യവിതരണ-അനുബന്ധ തൊഴിലാളികള്‍ക്കും മത്സ്യഫെഡ് അഫിലിയേഷന്‍ ഉള്ള പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗത്വമെടുത്ത് ഇന്‍ഷുറന്‍സ് പദ്ധതി ഗുണഭോക്താക്കളാകാവുന്നതാണ്. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗ വൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.  ഫോണ്‍:  9526041270, 9526041123.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍  കതിരൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മറ്റു ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.  ഭക്ഷണം, ട്യൂഷന്‍, രാത്രികാല പഠന മേല്‍നോട്ടത്തിന് റസിഡന്റ് ട്യൂട്ടരുടെ സേവനം എന്നിവ ലഭിക്കും. കൂടാതെ പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവന്‍സ്, യൂണിഫോം, നൈറ്റ് ഡ്രസുകള്‍, മുറികള്‍ എന്നിവ ലഭ്യമാക്കും. അപേക്ഷ മെയ് 30നകം സമര്‍പ്പിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റും മറ്റു ജാതിയില്‍പ്പെട്ടവര്‍ വരുമാന സര്‍ട്ടിഫിക്കറ്റും അവസാനം പഠിച്ച സ്‌കൂള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും ഹാജരാക്കണം.  ഫോണ്‍:  9605996032, 9495900255.

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക്
10നകം അപേക്ഷിക്കണം

ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് മെയ് 10നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീ സര്‍ അറിയിച്ചു.  മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ/ തത്തുല്യ യോഗ്യത, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ/ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍: 0497 2700069.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍  ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഇന്റര്‍വ്യൂ മെയ് 13, 14 തീയതികളില്‍ ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ രാവിലെ 10.30 മുതല്‍ നടക്കും.
13 ന്  കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാം, മാത്തമാറ്റിക്്‌സ് എന്നീ വിഷയങ്ങളിലും 14ന് കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമാണ്  ഇന്റര്‍വ്യൂ.  കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റും മറ്റു വിഷയങ്ങളില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രോഗ്രാം തസ്തികയിലേക്ക് ബി എസ് സി/ ബി സി എ/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത.
ഫോണ്‍: 8547005052, 9447596129.

തെങ്ങിന്‍ തൈകള്‍ വില്‍പനക്ക്

പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ക്ക് മെയ് 15 മുതല്‍ 25 വരെ 0467 2260632 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം.  ഒരെണ്ണത്തിന്റെ വില 325 രൂപയാണ്.  ഒരു റേഷന്‍കാര്‍ഡിന് 10 എണ്ണമാണ് ലഭിക്കുക. കൂടുതല്‍ ആവശ്യമുള്ളവര്‍ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണം.

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ  ജില്ലയിലെ പഠന കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി. പി, എംഎസ് ഓഫീസ് എന്നീ കോഴ്‌സുകള്‍ക്ക് എസ്എസ്എല്‍സി  യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവും ലഭിക്കും. ഫോണ്‍ : 9947763222.

error: Content is protected !!