ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചത്: കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. രാജ്യത്ത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു നഖ്‌വിയുടെ പ്രതികരണം. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമാണ്. നിരവധി സംഭവങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നഖ്‌വി പറഞ്ഞത്.

കഴിഞ്ഞ ദിവസം ബീഹാറില്‍ രണ്ട് ദളിത് യുവാക്കളെയും ഒരു മുസ്ലീം യുവാവിനെയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആള്‍ക്കൂട്ട ആക്രണമെന്ന വാദം നിഷേധിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

1947 ന് ശേഷവും ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി അസം ഖാന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോയാല്‍ അവര്‍ക്ക് ഈ ശിക്ഷ ലഭിക്കില്ല എന്നായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ മറുപടി.

പ്രസ്താവന വിവാദമായതോടെ മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്ജേവാല രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ക്ക് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നുപോലും നഖ്വിക്ക് അറിയില്ലെന്ന് രണ്‍ദീപ് സുര്‍ജ്ജേവാല പ്രതികരിച്ചു. ‘ബിജെപി ന്യൂനപക്ഷ വിഭാഗത്തെ അവഗണിക്കുകയാണ്. ആക്രമണങ്ങളിലെ പ്രതികളെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ന്യൂനപക്ഷത്തിനും ദളിത് വിഭാഗത്തിനും എതിരെയുണ്ടായ ആക്രമണങ്ങളില്‍ 43 ശതമാനം കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നാണ്. ആള്‍ക്കൂട്ട ആക്രണങ്ങളും ഇതിലുള്‍പ്പെടുന്നു. 2016 നും 2019 നും ഇടയില്‍ ന്യൂനപക്ഷ വിഭാഗത്തിനും ദളിത് വിഭാഗത്തിനും എതിരെയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് 2008 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 869 കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ്.

error: Content is protected !!