ശ്രീലങ്കയില്‍ ബോംബാക്രമണത്തിനു പിന്നില്‍ മുസ്ലിംകളല്ല; മയക്കുമരുന്ന് മാഫിയയെന്ന് പ്രസിഡന്റ് സിരിസേന.

കൊളംബോ: ശ്രീലങ്കയില്‍ ഏപ്രില്‍ 21ന് നടന്ന ബോംബാക്രമണത്തിനു പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. നേരത്തെ ഐ.എസ് ബന്ധമുള്ള മുസ്‌ലിം തീവ്രവാദി സംഘടനയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ശ്രീലങ്കന്‍ ഭരണകൂടം പറഞ്ഞിരുന്നത്. 258പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) എന്ന സംഘടനയാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. സംഘടനയെ നിരോധിക്കുകയും ചെയ്തു.

തുടര്‍ന്ന് രാജ്യവ്യാപകമായി മുസ്‌ലിംവേട്ട അരങ്ങേറുകയും ബുദ്ധ-ക്രൈസ്തവ തീവ്രവാദികള്‍ സുരക്ഷാസേനയുടെ മൗനാനുവാദത്തോടെ മുസ്‌ലിംകളുടെ വ്യാപാരസ്ഥാപനങ്ങളും വീടുകളും ആക്രമിച്ച് കൊള്ളയടിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം പള്ളികള്‍ക്കുനേരെയും ആക്രമണം നടന്നു. വര്‍ഗീയവാദികളുടെ ആക്രമണത്തില്‍ ഒരു മുസ്‌ലിം കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആക്രമണം നടത്തിയത് മയക്കുമരുന്ന് ലോബിക്കെതിരായ നീക്കത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനായിരുന്നെന്നും എന്നാല്‍ ഭയന്നോടുന്നവനല്ല താനെന്നും സിരിസേന വ്യക്തമാക്കി. ശ്രീലങ്കന്‍ കോടതി മയക്കുമരുന്ന് കേസിലും കൊലപാതകത്തിനും ബലാല്‍സംഗത്തിനും വധശിക്ഷ ഒഴിവാക്കുകയും ജീവപര്യന്തം തടവാക്കുകയും ചെയ്തിരുന്നു. ഇതാണ് മയക്കുമരുന്നു മാഫിയക്ക് വളമായതെന്നു കരുതുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിനെതിരേ ശക്തമായി നിലകൊള്ളുകയാണ് സിരിസേന. വധശിക്ഷ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുകയാണെങ്കില്‍ രാജ്യത്ത് ഒരു ദിവസം ദേശീയ ദുഖാചരണം നടത്തുമെന്ന് പ്രസിഡന്റ് പറയുന്നു.

നാലു മയക്കുമരുന്നു കേസ് പ്രതികളെ തൂക്കിക്കൊല്ലാനുള്ള സിരിസേനയുടെ നീക്കം ഈമാസമാദ്യം സുപ്രിം കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവരുന്നതുവരെ ഒരാളെയും വധശിക്ഷയ്ക്ക് വിധേയരാക്കരുതെന്ന് കോടതി വിലക്കിയിരുന്നു. 2014ലാണ് രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

error: Content is protected !!