കര്‍ണാടക: വിമത കോണ്‍ഗ്രസ് എംഎല്‍എ തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍

ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ വിമത കോൺഗ്രസ് എം.എൽ.എയ്‌ക്കെതിരെ കടുത്ത നടപടിയുമായി സഖ്യസർക്കാർ. അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട റോഷൻ ബെയ്‌ഗിനെ മുംബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നും പിടികൂടി. ചാർട്ടേർഡ് വിമാനത്തിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം മുംബയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇത് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ആരോപിച്ചു.

ബി.ജെ.പി നേതാവ് യെദിയൂരപ്പയുടെ പി.എ.സന്തോഷിനൊപ്പമാണ് റോഷൻ ബെയ്ഗ് കർണാടകയിൽ നിന്നും കടക്കാൻ ശ്രമിച്ചതെന്ന് കുമാരസ്വാമി ആരോപിച്ചു. ബി.ജെ.പി എം.എൽ.എ യോഗേഷ്വറും കൂടെയുണ്ടായിരുന്നു. അഴിമതിക്കേസിൽ പെട്ട മുൻമന്ത്രിയെ രക്ഷപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചത് അപമാനമാണ്. ബെയ്‌ഗിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ബി.ജെ.പി നേതാക്കൾ രക്ഷപ്പെട്ടുവെന്നും കുമാരസ്വാമി ആരോപിച്ചു. അതിനിടെ സർക്കാരിനുള്ള പിന്തുണ പ്രഖ്യാപിച്ച 16 വിമത എം.എൽ.എമാർ മുംബയിലെ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരിക്കുകയാണ്.ഇവർ വ്യാഴാഴ്‌ച നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ഇത്രയും എം.എൽ.മാരുടെ അസാന്നിധ്യത്തിൽ ഭരണപക്ഷത്തെ അംഗബലം നൂറിൽ ഒതുങ്ങുമെന്നിരിക്കെ വിശ്വാസപ്രമേയ വോട്ടടെടുപ്പിൽ സഖ്യസർക്കാർ നിലംപതിക്കും.

അതേസമയം, തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എം.എൽ.എമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ വിധി നിർണായകമാണ്. ഭരണഘടനാപരമായ പ്രശ്നങ്ങളുള്ള വിഷയത്തിൽ തനിക്ക് ധൃതിപിടിച്ച് തീരുമാനമെടുക്കാൻ ആവില്ലെന്നും, മതിയായ സമയം ആവശ്യമാണെന്നും കാണിച്ച് സ്പീക്കർ കെ.ആർ. രമേശ് കുമാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതും ഇന്നാണ് കോടതി പരിഗണിക്കുക. രാജിക്കാര്യത്തിലും എം.എൽ.എമാർക്ക് അയോഗ്യത കല്പിക്കുന്ന വിഷയത്തിലും ഇന്നു വരെ തൽസ്ഥിതി നിലനിറുത്താനാണ് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി നിർദ്ദേശിച്ചത്.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ വിശ്വാസപ്രമേയം സഭ വ്യാഴാഴ്ച പരിഗണനയ്ക്കെടുക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് ഇന്നലെ പ്രഖ്യാപിച്ചത്. രാജിവച്ച എം.എൽ.എമാർ തിരികെയെത്തുന്ന കാര്യത്തിൽ അദ്ദേഹം പ്രതികരിച്ചില്ല. വിമത അംഗങ്ങളെ അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ് എന്നിവരെ മുംബയിലെ ഹോട്ടലിലേക്ക് അയയ്ക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിച്ചിരുന്നെങ്കിലും, പാർട്ടി നേതാക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് എം.എൽ.എമാർ ഇന്നലെ മുംബയ് സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തു നൽകിയ സാഹചര്യത്തിൽ ഈ നീക്കം വേണ്ടെന്നുവച്ചു. നേതാക്കളിൽ നിന്ന് ഭീഷണിയുള്ളതിനാൽ അവരെ ഹോട്ടലിലേക്ക് കടത്തരുതെന്നാണ് കത്തിലെ ആവശ്യം.

error: Content is protected !!