ശ്രീലങ്കയ‌്ക്ക് ലോകകപ്പില്‍ ആദ്യ ജയം : അഫ്‌ഗാന്‍ വീര്യം തകര്‍ത്ത് മലിംഗയും നുവാനും

ഏഷ്യന്‍ പോരാട്ടത്തില്‍ മഴനിയമപ്രകാരം അഫ്‌ഗാനെ 34 റണ്‍സിന് തകര്‍ത്ത് ശ്രീലങ്കയ‌്ക്ക് ലോകകപ്പില്‍ ആദ്യ ജയം. ബാറ്റിംഗില്‍ കുശാല്‍ പെരേരയും ബൗളിംഗില്‍ നുവാന്‍ പ്രദീപും ലസിത് മലിംഗയും ലങ്കക്കായി തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ലങ്ക 36.5 ഓവറില്‍ 201ന് ഓള്‍ഔട്ടായിരുന്നു. എന്നാല്‍ മഴനിയമം പ്രകാരം വിജയലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായി പുതുക്കിനിശ്‌ചയിച്ചു. ഈ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്‌ഗാന്‍ 32.4 ഓവറില്‍ 152 റണ്‍സില്‍ പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷഹസാദ്(7), റഹ്‌മത്ത് ഷാ(2), ഹസ്രത്തുള്ള(30), ഹഷ്‌മത്തുള്ള ഷാഹിദി(4), മുഹമ്മദ് നബി(11) എന്നിവര്‍ പുറത്തായതോടെ അഫ്‌ഗാന്‍ 13.4 ഓവറില്‍ 57-5. പൊരുതാന്‍ ശ്രമിച്ച നായകന്‍ ഗുല്‍ബാദിന്‍ നൈബ് 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റഷീദ് ഖാന്‍ രണ്ടും ദൗലത്ത് സദ്രാന്‍ ആറും റണ്‍സെടുത്തു. ഏഴാമനായിറങ്ങി നജീബുള്ള സദ്രാന്‍ 56 പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായി. അവസാനക്കാരന്‍ ഹാമിദ് ഹസനെ(6) മലിംഗ ബൗള്‍ഡാക്കി. നുവാന്‍ പ്രദീപ് നാലും മലിംഗ മൂന്നും വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക മികച്ച തുടക്കത്തിന് ശേഷം തകരുകയായിരുന്നു. ദിമുത് കരുണരത്നെയും കുശാല്‍ പെരേരയും പവര്‍ പ്ലേയില്‍ 79 റണ്‍സടിച്ചു. ആദ്യ വിക്കറ്റില്‍ പിറന്നത് 92 റണ്‍സ്. എന്നാല്‍ 30 റണ്‍സെടുത്ത കരുണരത്‌നെ(30), ലഹിരു തിരിമന്നെ(25) എന്നിവരെ നബി പുറത്താക്കിയതോടെ ലങ്ക തകരുകയായിരുന്നു. കുശാല്‍ മെന്‍ഡിസ്(2), എയ്‌ഞ്ചലോ മാത്യൂസ്(0), ധനഞ്ജയ ഡി സില്‍വ(0), തിസാര പെരേര(2), ഇസുരു ഉഡാന(10) എന്നിവര്‍ അതിവേഗം മടങ്ങി.

ഓപ്പണര്‍ കുശാല്‍ പെരേര(78) എട്ടാമനായി പുറത്തായതിന് പിന്നാലെ 33-ാം ഓവറില്‍ മഴ കളി തടസപ്പെടുത്തി. മഴയ്‌ക്ക് ശേഷം മലിംഗ(4), പ്രദീപ്(0) എന്നിവരും മടങ്ങിയതോടെ ലങ്ക 36.5 ഓവറില്‍ 201ന് പുറത്ത്. ലക്‌മല്‍ (15)പുറത്താകാതെ നിന്നു. ഇതോടെ മഴനിയമം പ്രകാരം വിജയലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായി പുതുക്കിനിശ്‌ചയിച്ചു. ഒന്‍പത് ഓവറില്‍ 30 റണ്‍സിന് നാല് വിക്കറ്റുമായി മുഹമ്മദ് നബിയാണ് ലങ്കയെ തകര്‍ത്തത്. റഷീദ് ഖാനും ദൗലത്ത് സദ്രാനും രണ്ട് വിക്കറ്റ് വീതം നേടി.

error: Content is protected !!