ലോകകപ്പ്; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്‌

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 11 പോയിന്റുള്ള ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമി ഫൈനലിലെത്തും. അതേസമയം 8 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് സെമി സാധ്യത ഉറപ്പാക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ ടീം എവേ ജേഴ്സിയില്‍ ഇറങ്ങുന്നു എന്നതു ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിലെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഉടനീളം അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ് ആതിഥേയരായ ഇംഗ്ലണ്ട്. കിരീട സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ട് തുടരന്‍ തോല്‍വികളുമായി പട്ടികയില്‍ പിന്നാക്കം പോയെങ്കിലും കരുത്തില്‍ ഇന്ത്യക്കൊപ്പം തന്നെയാണ്. ഓറഞ്ച് നിറമുള്ള എവേ ജേഴ്സിയില്‍ ഇറങ്ങുന്ന ടീം ഇന്ത്യയെ പുതിയ ജേഴ്സി തുണയ്ക്കുമോ എന്നതും ക്രിക്കറ്റ് പ്രേമികള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്നുണ്ട്.

മുഹമ്മദ് ഷമിയും ബുംറയും നയിക്കുന്ന ബൌളിങ് നിരയുടെ മിന്നും ഫോമാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. ബാറ്റിങില്‍ കോഹ്‍ലിയും രോഹിതും സ്ഥിരതയോടെ കളിക്കുന്നു. കെ എല് രാഹുലിന് തുടക്കം മുതലാക്കാനാവാത്തതും നാലാം നമ്പറില്‍ വിജയ് ശങ്കറിന്റെ പരാജയവുമാണ് തലവേദന. എന്നാല്‍ വിന്നിങ് കോന്പിനേഷനില്‍ മാറ്റം വരുത്താനുദ്ദേശമില്ലെന്ന സൂചനയാണ് ടീം അധികൃതര്‍ നല്‍കുന്നത്, അങ്ങനെയെങ്കില്‍ റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് കാത്തിരിപ്പ് തുടരണം.

മറുവശത്ത് ഓപ്പണര്‍ ജയിംസ് വിന്‍സിന് പകരം ജേസന്‍ റോയ് മടങ്ങിയെത്തിയേക്കും. ജോണി ബെയര്‍ സ്റ്റോ, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍, ജോസ് ബട്ട്ലര്‍ എന്നിവരില്‍ തുടങ്ങി ക്രിസ് വോക്സ്, മോയിന്‍ അലി എന്നിവരില്‍ അവസാനിക്കുന്ന നീണ്ട ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. എന്നാല്‍ അവസാന മത്സരങ്ങളില്‍ ശ്രീലങ്കയോടും ആസ്ത്രേലിയയോടും തോറ്റത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ ജയത്തോടെ വിജയവഴിയില്‍ തിരിച്ചെത്താനാകും ആതിഥേയ ടീമിന്റെ ശ്രമം.

error: Content is protected !!