വളാഞ്ചേരിയിൽ പോക്സോ കേസിൽ പ്രതിയായ എൽഡിഎഫ്  കൗൺസിലർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വളാഞ്ചേരിയിൽ പോക്സോ കേസിൽ പ്രതിയായ എൽഡിഎഫ്  കൗൺസിലർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. പ്രതി ഷംസുദ്ദീൻ നടക്കാവിൽ മലേഷ്യയിലേക്കോ തായ്ലൻഡിലേക്കോ കടന്നതായി സംശയിക്കുന്നെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, ഷംസുദ്ദീൻ നടക്കാവിലിനോട് കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിയെ ഷംസുദ്ദീൻ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32-ാം ഡിവിഷൻ മെമ്പറാണ് ഷംസുദ്ദീൻ.  പരാതി നൽകുമെന്ന് മാതാപിതാക്കൾ അറിയിച്ചതോടെയാണ് പ്രതി വിദേശത്തേക്ക് കടന്നത്.

കൗൺസിലറുടെ ഉടമസ്ഥതയിലുള്ള വാടക വാടക ക്വാർട്ടേഴ്‌സിൽ കുടുംബക്കാരുമായി താമസിച്ചിരുന്ന പെൺകുട്ടിയുമായി ഷംസുദ്ദീൻ പ്രണയത്തിലായിയെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിക്കാമെന്നുപറഞ്ഞ് പലതവണ ക്വാർട്ടേഴ്‌സിലും മറ്റു പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു.

വിവാഹ വാഗ്ദാനത്തിൽനിന്ന് കൗൺസിലർ പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ്‌ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈനും പോലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.

മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് 376-ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമമനുസരിച്ചും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

error: Content is protected !!