കരസേനയിൽ ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സ്.

കരസേനയുടെ 130–ാമതു ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേയ്‌ക്ക് അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കാണ് അവസരം. അപേക്ഷകർ അവിവാഹിതരായിരിക്കണം.

2020 ജനുവരിയിൽ ആരംഭിക്കുന്ന ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 40 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 9.

യോഗ്യത: പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ അംഗീകൃത എൻജിനീയറിങ് ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ചു 12 ആഴ്‌ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

പ്രായം: 20 –27 വയസ് (1993 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതിയും ഉൾപ്പെടെ)

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്‌റ്റ് ചെയ്യുന്നവരെ എസ്‌എസ്‌ബി ഇന്റർവ്യൂവിനു വിളിക്കും. വൈദ്യപരിശോധനയുമുണ്ടാകും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നു പങ്കെടുപ്പിക്കുകയുള്ളൂ.

ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

പരിശീലനം: ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഡറാഡൂണിലെ മിലിട്ടറി അക്കാദമിയിൽ ഒരു വർഷമാണു പരിശീലനം. പരിശീലനത്തിനു ശേഷം ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം. പെർമനന്റ് കമ്മിഷനാണ്.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. നിർദേശങ്ങൾക്കനുസരിച്ച് അപേക്ഷ സേവ് ചെയ്‌ത് പിഡിഎഫ് ആക്കിയതിനു ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ ഒന്നിൽ അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ നിശ്‌ചിത സ്‌ഥാനത്ത് ഉദ്യോഗാർഥി ഒപ്പിടണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകൾ സഹിതം സിലക്‌ഷൻ സെന്ററിലെത്തുമ്പോൾ ഹാജരാക്കണം. ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.

error: Content is protected !!