എന്‍ജിനിയറിങ് പ്രവേശനത്തിന് കണക്കും ഫിസിക്‌സും നിര്‍ബന്ധമല്ലെന്ന് എ.ഐ.സി.ടി.ഇ

എന്‍ജിനീയറിങ് പ്രവേശനത്തിനായി പ്ലസ്ടുതലത്തില്‍ കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണമെന്ന നിര്‍ബന്ധമില്ലെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ).

2021-22 അധ്യായന വര്‍ഷത്തേക്കായി പ്രസിദ്ധീകരിച്ച അപ്രൂവല്‍ ഹാന്‍ഡ്ബുക്കിലാണ് ഇക്കാര്യം എ.ഐ.സി.ടി.ഇ വ്യക്തമാക്കിയത് .

പ്ലസ്ടു തലത്തില്‍ മാത്‌സ്, ഫിസിക്സ് വിഷയങ്ങള്‍ക്കൊപ്പം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ എന്നിവ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ബി.ഇ/ബി.ടെക് കോഴ്സ് പ്രവേശനത്തിനുള്ള അര്‍ഹത.

പുതുക്കിയ അപ്രൂവല്‍ ഹാന്‍ഡ്ബുക്ക് നിര്‍ദ്ദേശമനുസരിച്ച്‌ പ്ലസ്ടു തലത്തില്‍ ഫിസിക്സ്/ മാത്‌സ്/ കെമിസ്ട്രി/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ബയോളജി/ ഇന്‍ഫര്‍മാറ്റിക്സ് പ്രാക്ടീസസ്/ ബയോടെക്നോളജി/ ടെക്നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍/ അഗ്രികള്‍ച്ചര്‍/ എന്‍ജിനീയറിങ് ഗ്രാഫിക്സ്/ ബിസിനസ് സ്റ്റഡീസ്/ എന്റര്‍പ്രെണര്‍ഷിപ്പ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്ക് (സംവരണവിഭാഗക്കാര്‍ക്ക് 40) നേടി പാസായ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിങ്ങിന് അപേക്ഷിക്കാം. ഇതോടെ കൊമേഴ്സ്, മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്കും എന്‍ജിനീയറിങ് പഠിക്കാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. ഇതിന് പുറമേ 45 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ക്കും എന്‍ജിനിയറിങ് പ്രവേശനത്തിന് അപേക്ഷിക്കാം.

അതെ സമയം മാത്‌സ്, ഫിസിക്സ്, എന്‍ജിനീയറിങ് വിഷയങ്ങള്‍ പഠിച്ചിട്ടില്ലാത്ത, കോഴ്സിന് യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അതാത് സര്‍വകലാശാലകള്‍ ബ്രിഡ്ജ് കോഴ്സ് പ്രദാനം ചെയ്യുമെന്നും എ.ഐ.സി.ടി.ഇ ഹാന്‍ഡ് ബുക്കില്‍ അറിയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയിട്ടുള്ളതെന്ന് എ.ഐ.സി.ടി.ഇ ചൂണ്ടിക്കാട്ടി.

error: Content is protected !!