രാജിയിൽ ഉറച്ച് രാഹുൽ ഗാന്ധി: പിന്തിരിപ്പിച്ച് മുതിർന്ന നേതാക്കൾ

ന്യൂഡൽഹി: ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും രാജി താത്പര്യം ആവർത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിനേറ്റ വലിയ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാൻ തയ്യാറാണെന്നാണ് രാഹുൽ പാർട്ടി നേതൃത്വത്തെ അറിയിച്ചത്. എന്നാൽ, മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധി അധ്യക്ഷപദം ഒഴിയേണ്ടതില്ലെന്ന് ആവർത്തിച്ചു.

മൻമോഹൻ സിങ്ങും പ്രിയങ്ക ഗാന്ധിയും രാഹുലിനെ പിന്തിരിപ്പിച്ചതായാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധി ഇപ്പോൾ രാജി വെക്കുന്നത് പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ഇനി മുന്നോട്ട് പാർട്ടി സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് തീരുമാനിക്കാൻ പ്രവർത്തക സമിതി രാഹുലിനെ ഏൽപിച്ചു.

പ്രവർത്തക സമിതി പിന്തിരിപ്പിച്ചിട്ടും രാജിയിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി. എഐസിസി പ്രവർത്തക സമിതി ചേരുന്നത് വരെ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ രാഹുലിനോട് നേരത്തെ ഉപദേശിച്ചിരുന്നു. അതെ സമയം, നരേന്ദ്ര മോദിയെ ജനങ്ങൾ അംഗീകരിച്ചതാണെന്നും നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

error: Content is protected !!