സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ റയലിന് സ്വന്തം മൈതാനത്ത് തോൽവി.

മാഡ്രിഡ്: സ്വന്തം മൈതാനത്ത് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് സ്പാനിഷ് ലീഗിൽ നാണംകെട്ട തോൽവി. മറുപടിയില്ലാത്ത രണ്ട് ഗോളിന് റയൽ ബെറ്റിസാണ് സ്പാനിഷ് വമ്പന്മാരെ തകർത്തത്.  സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിൽ ഈ സീസണിലെ റയലിന്റെ 12-ാം തോല്‍വിയാണ് കുറിക്കപ്പെട്ടത്. തോല്‍വിയോടെ സമീപകാലത്തെ ഏറ്റവും മോശം സീസണിന് റയല്‍ അവസാനം കുറിച്ചു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ ആതിഥേയർ കൂടുതൽ ആക്രമിച്ച് കളിച്ചു. 61-ാം മിനിറ്റില്‍ ലോറന്‍ മൊറോണും 75-ാം മിനിറ്റില്‍ ഹെസെയുമാണ് ബെറ്റിസിനായി വലകുലുക്കിയത്. ഗോൾ പോസ്റ്റിൽ കെയ്ലര്‍ നവാസ് നടത്തിയ മികച്ച സേവുകളാണ് റയലിനെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. തോല്‍വിയോടെ ഈ സീസണില്‍ മൂന്നാമതായാണ് റയല്‍ കളി അവസാനിപ്പിച്ചത്.

സീസണിൽ 38 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റ് നേടിയ ബാഴ്‌സലോണ നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിന് രണ്ടാം സ്ഥാനത്ത് 76 പോയിന്റാണ് നേടാനായത്. 68 പോയിന്റാണ് റയലിന്റെ സമ്പാദ്യം. 2001- 02 സീസണിനു ശേഷം ഇതാദ്യമായാണ് റയല്‍ 70-ല്‍ താഴെ പോയന്റില്‍ ഒതുങ്ങുന്നത്. തുടർച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടമണിഞ്ഞ ടീമാണ് ഈ നിലയിൽ തകർന്നത്. പരിശീലകരുടെ മാറ്റവും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതും റയൽ മാഡ്രിഡിനെ അടിമുടി ഉലച്ചു കളഞ്ഞു.

error: Content is protected !!