മഹിളാ കോണ്‍ഗ്രസ് നേതാവിനെതിരെ ബി‌ജെ‌പി പ്രവര്‍ത്തകരുടെ ബലാത്സംഗ ഭീഷണി

ബി.ജെ.പി പ്രവര്‍ത്തകരില്‍ നിന്ന് ബലാത്സംഗ ഭീഷണിയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്. ഗോവ പ്രദേശ് മഹിളാ കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി ദിയ ഷെട്കറാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ബി.ജെ.പി നേതാവ് സുഭാഷ് ഷിരോദ്കറിനെതിരെ പ്രചരണം നടത്തിയാല്‍ കൂട്ടബലാത്സംഗം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ദിയയുടെ പരാതി. ഞായറാഴ്ച രാവിലെ മുതല്‍ തനിക്ക് ഭീഷണികോളുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.

സുഭാഷ് ഷിരോദ്കറിന്റെ അനുയായിയെന്നു പറഞ്ഞാണ് തന്നെ വിളിച്ചത്. കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമേ തന്നെ ചീത്തവിളിക്കുകയും അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്തതായും അവര്‍ ആരോപിക്കുന്നു. ഷിരോദ്കറിന്റെ മണ്ഡലത്തില്‍ പ്രവേശിക്കരുതെന്ന്തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.

‘ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ കൂട്ടബലാത്സംഗ ഭീഷണി മുഴക്കുന്ന തരത്തിലേക്ക് ഷിരോദ്കറിന്റെ അനുകൂലികള്‍ തരംതാഴ്ന്നിരിക്കുന്നു.’ അവര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. വിഷയത്തെ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ദിയ പൊലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഗോവ നിയമസഭയിലെ സിരോദ മണ്ഡലത്തിലെ എം.എല്‍.എ സ്ഥാനം രാജിവെച്ച ശിരോദ്കര്‍ ഒക്ടോബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

error: Content is protected !!